2019-ൽ ദിലീപ് ചെറുവള്ളിയിൽ ദർശനത്തിനെത്തിയപ്പോൾ, ജഡ്ജിയമ്മാവൻ കോവിൽ
പൊൻകുന്നം (കോട്ടയം): തന്റെ കേസിലെ വിജയത്തിനായി നടൻ ദിലീപ് രണ്ടുവട്ടം ദർശനം നടത്തിയ ചെറുവള്ളി ക്ഷേത്രം അദ്ദേഹത്തിന് അനുകൂലമായ കോടതിവിധി വന്നതോടെ ഒരിക്കൽ കൂടി ശ്രദ്ധാകേന്ദ്രമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ‘ജഡ്ജിയമ്മാവൻ കോവിലാണ്’ ഇപ്പാൾ ചർച്ചയാകുന്നത്.
നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട് ദിലീപ് റിമാൻഡിലായപ്പോൾ 2017ൽ അദ്ദേഹത്തിന്റെ സഹോദരനാണ് ആദ്യം ദർശനം നടത്തിയത്. പിന്നീട് 2019 മാർച്ചിലും 2022ലും ദിലീപ് ഇവിടെ പ്രാർഥനക്കും വഴിപാടിനുമായി എത്തി. കോടതിവ്യവഹാരങ്ങളിൽ പെടുന്നവർ തങ്ങളുടെ ഭാഗത്തിന് നീതി ലഭിക്കാൻ കാലങ്ങളായി വഴിപാട് നടത്തുന്ന ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ ക്ഷേത്രം. ഹരജി പകർപ്പ് നടയിൽ സമർപ്പിച്ച് അടവഴിപാട് നടത്തിയാണ് പ്രാർഥന.
ശബരിമല സ്ത്രീപ്രവേശന വിഷയം കോടതിയിലെത്തിയപ്പോൾ അനുകൂല വിധിക്കായി മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കേസിന്റെ രേഖകൾ ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രാർഥന നടത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. സാധാരണക്കാർ മുതൽ സിനിമാ, സീരിയൽ രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൻമാർ തുടങ്ങി ദിവസവും നിരവധി പേർ ഇവിടെ ദർശനത്തിനെത്താറുണ്ട്. ഭൂരിഭാഗം ഭക്തരും കേസിൽ നിന്നുള്ള മോചനത്തിനായാണ് പ്രാർഥനയും വഴിപാടും നടത്തുന്നത്.
ചെറുവള്ളി ദേവീക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞ് നടയടച്ചശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജിയമ്മാവൻ കോവിലിൽ പൂജ. ചലച്ചിത്രതാരങ്ങളായ സിദ്ദീഖ്, ഭാമ, തമിഴ്താരം വിശാൽ തുടങ്ങിയവരെല്ലാം ഇവിടെയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കോഴ വിവാദവും കേസും വന്നപ്പോൾ ക്രിക്കറ്റ് താരം ശ്രീശാന്തും വഴിപാട് നടത്താനെത്തി. ആർ.ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാന്റെ ഭക്തനായിരുന്നു. ജയലളിത, രാഹുൽഗാന്ധി, കെ.കരുണാകരൻ എന്നിവർക്കെല്ലാം വേണ്ടി അനുയായികൾ ഇവിടെ വഴിപാട് നടത്തിയിട്ടുണ്ട്.
ധർമരാജാവിന്റെ കാലത്ത് തിരുവിതാംകൂർ രാജ്യത്തെ സദർകോടതി ജഡ്ജിയായിരുന്ന തലവടി രാമവർമപുരം ഗോവിന്ദപിളളയാണ് ജഡ്ജിയമ്മാവൻ. നീതി നടപ്പാക്കുന്നതിൽ കൃത്യത പുലർത്തിയിരുന്ന ഇദ്ദേഹം തന്റെ സഹോദരിയുടെ മകൻ പത്മനാഭപിള്ളയെ തെറ്റിധാരണയുടെ പേരിൽ വധശിക്ഷക്ക് വിധേയനാക്കി. പിന്നീട് തനിക്ക് തെറ്റുപറ്റിയെന്നും അനന്തരവൻ നിരപരാധിയാണെന്നും അറിഞ്ഞപ്പോൾ ഗോവിന്ദപ്പിള്ള സ്വയം വധശിക്ഷ വിധിച്ച് മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ ആത്മാവിനെ ചെറുവള്ളി ക്ഷേത്രത്തിൽ കുടിയിരുത്തിയെന്നാണ് ഐതിഹ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.