തിരുവനന്തപുരം: ജല അതോറിറ്റിയുടെ വിവിധ ജില്ലകളിലെ ഭൂമി നിർമാണ പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ കൈമാറാനുള്ള നീക്കം സ്വകാര്യ മേഖലക്ക് നടത്തിപ്പ് ചുമതല നൽകിയ പദ്ധതികളിൽ നിന്നുണ്ടായ ദുരനുഭവം പാഠമാക്കാതെ. ബി.ഒ.ടി അടിസ്ഥാനത്തിൽ കരാറിലേർപ്പെട്ട രണ്ട് പദ്ധതികൾ ‘തിരിച്ചുകിട്ടാത്ത’ ദുരനുഭവം ജല അതോറിറ്റിക്കുണ്ട്.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച അരുവിക്കര, പെരുവണ്ണാമൂഴി പ്ലാന്റുകളാണ് ഇപ്പോഴും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിൽ തുടരുന്നത്. അഞ്ച് വർഷത്തെ നടത്തിപ്പിനുശേഷം പ്ലാന്റുകൾ തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് 2008ൽ കരാർ നൽകിയത്. 16 വർഷം പിന്നിട്ടിട്ടും പ്ലാന്റുകൾ കൈമാറിയിട്ടില്ല. കൊച്ചിയിൽ എ.ഡി.ബി സഹായത്തോടെ കുടിവെള്ള പദ്ധതി കരാർ ഏറ്റെടുക്കാൻ ഇപ്പോൾ മുന്നോട്ടുവന്ന കമ്പനിയാണ് അരുവിക്കര, പെരുവണ്ണാമൂഴി പ്ലാന്റുകളുടെ നടത്തിപ്പ് തുടരുന്നത്.
സ്വകാര്യ കമ്പനി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഇവ സ്വന്തം ജീവനക്കാരെ നിയോഗിച്ച് ജല അതോറിറ്റിക്ക് നടത്താൻ കഴിയില്ലെന്നതടക്കം ഏറ്റെടുക്കലിന് പ്രതിബന്ധങ്ങൾ പലതാണ്. സമാന സാഹചര്യമാവും ‘നോൺ വാട്ടർ റവന്യൂ പ്രോജക്ടുകൾ’ എന്ന പേരിൽ ജല അതോറിറ്റി നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കും സംഭവിക്കുകയെന്ന ആശങ്കയാണ് പൊതുവെയുള്ളത്.
വിവിധ ജില്ലകളിലെ അതോറിറ്റിയുടെ കണ്ണായ സ്ഥലങ്ങളിലെ ഭൂമി കരാർ വ്യവസ്ഥയിൽ വാണിജ്യ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, റസ്റ്റാറന്റുകൾ, ഗെസ്റ്റ് ഹൗസുകൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് കൈമാറാനും അതിലൂടെ വരുമാനമുണ്ടാക്കാനുമാണ് മാനേജ്മെന്റ് പദ്ധതി തയാറാക്കിയത്. അതോറിറ്റി സ്വന്തം നിലയിൽ നിർമാണ പ്രവർത്തനം നടത്തുന്നതിന് പകരം ബി.ഒ.ടി അടക്കം കരാർ രീതികളിലേക്ക് പോകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഇടത് അനൂകൂല സംഘടനയായ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ഭൂമി കൈമാറ്റത്തിനെതിരെ എല്ലാ ജില്ലയിലും സമരം നടത്തി.
വിഷയം ഇടതുമുന്നണിയുടെയും സർക്കാറിന്റെയും ശ്രദ്ധയിൽകൊണ്ടുവരാനും ശ്രമവും ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും തുടർന്ന് തിരുവനന്തപുരം നഗരത്തിലും നടപ്പാക്കാൻ ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനി നിയന്ത്രണത്തിലെ ജല വിതരണ പദ്ധതികൾക്കെതിരെ വലിയ പ്രതിഷേധം ഉയരുന്ന ഘട്ടത്തിലാണ് കോടികൾ വിലവരുന്ന സ്ഥലങ്ങളിലെ ഭൂമി വിവിധ ആവശ്യങ്ങൾക്ക് കൈമാറാനുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.