ബസിൽ സൂക്ഷിച്ചത് മദ്യകുപ്പിയ​ല്ലല്ലോ ? കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സ്ഥലംമാറ്റത്തിൽ ഹൈകോടതി

കൊച്ചി: ബസിൽനിന്ന്​​ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന്‍റെ പേരിലെ സ്ഥലംമാറ്റം​ ചോദ്യം ചെയ്ത്​ കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയ്‌മോൻ ജോസഫ് സമർപ്പിച്ച ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ബസിന്‍റെ മുൻവശത്തെ ചില്ലിനോട് ചേർന്ന് രണ്ട് കുടിവെള്ളക്കുപ്പികൾ വെച്ചിരിക്കുന്നത് നേരിട്ട് കണ്ടെത്തിയതിനെ തുടർന്ന് ഗതാഗത മന്ത്രി ഇടപെട്ട് നടപ്പാക്കിയ സ്ഥലംമാറ്റം സ്വേഛാപരവും നിയമവിരുദ്ധവുമാണെന്ന്​ ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ എൻ. നഗരേഷ്​ പരിഗണിച്ചത്​. സ്ഥലംമാറ്റ ഉത്തരവിന്​ പിന്നാലെ ഹരജിക്കാരൻ ബസിൽ കുഴഞ്ഞുവീണതും വാർത്തയായിരുന്നു.

വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയത് ഉചിതമാണോയെന്ന്​ കോടതി വാക്കാൽ ചോദിച്ചു. സ്ഥലം മാറ്റുന്നതിൽ തെറ്റില്ല. എന്നാൽ, മതിയായ കാരണം വേണം. ബസിൽ സൂക്ഷിച്ചത്​ മദ്യക്കുപ്പിയല്ലല്ലോയെന്ന്​ ചോദിച്ച കോടതി, ജീവനക്കാരുടെ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണ്​ സ്വീകരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

പൊൻകുന്നത്തുനിന്ന് തിരുവനന്തപുരത്തേക്ക്​ എട്ട്​ മണിക്കൂറിലേറെ യാത്രയുള്ളതിനാൽ കുടിക്കാനായി കരുതിയ രണ്ട് കുപ്പിവെള്ളമാണ് ബസിൽ വെച്ചിരുന്നതെന്ന് ഹരജിക്കാരൻ അറിയിച്ചു. എന്നാൽ, ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശം നേരത്തെതന്നെ നൽകിയതാണെന്നും സ്ഥലംമാറ്റത്തിൽ മന്ത്രിക്ക്​ പങ്കില്ലെന്നും കെ.എസ്​.ആർ.ടി.സി അഭിഭാഷകൻ വാദിച്ചു. കൈ കാണിച്ചിട്ട് ബസ്​ നിർത്താതെ പോയ പരാതികളിലും ജീവനക്കാരെ സ്ഥലമാറ്റാറുണ്ടെന്നും വ്യക്​തമാക്കി.

Tags:    
News Summary - Wasn't the liquor bottle kept in the bus? High Court on KSRTC driver's transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.