കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലും ബാധിച്ചു. കേരളത്തിൽ നടക്കുന്ന ഡെസ്റ്റിനേഷൻ വെഡിങ്, മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻ എന്നീ മേഖലകൾക്കാണ് വൻതോതിൽ തിരിച്ചടിയായത്. സംസ്ഥാനത്ത് നടക്കേണ്ട ആഡംബര വിവാഹങ്ങളും രാജ്യാന്തര കോൺഫറൻസുകളും മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്തു. ഇതിലൂടെ 150 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
പാചകവാതകത്തിന് നിയന്ത്രണം വന്നതും വിമാന സർവിസുകൾ തടസ്സപ്പെട്ടതും ടിക്കറ്റ് നിരക്ക് ഉയർത്തിയതും മേഖലയെ ബാധിച്ചു. എൽ.പി.ജി ലഭിക്കാത്തതോടെ ഇവന്റുകളിൽ ഭക്ഷണം വിളമ്പാൻ സാധിക്കാതെ വന്നു. കേറ്ററിങ് സർവിസുകളും പ്രതിസന്ധിയിലായി. വിവാഹ ചടങ്ങുകൾ മുടങ്ങിയതോടെ വിദേശത്തുനിന്ന് അതിഥികൾക്കും എത്താൻ സാധിക്കാതെയായി. ഏകദേശം 150 പരം പരിപാടികളാണ് ഇങ്ങനെ റദ്ദാക്കിയത്. സംസ്ഥാനത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ്, കോൺഫറൻസ് പരിപാടികൾ സജീവമാക്കുന്ന സമയത്താണ് യുദ്ധം തുടങ്ങിയത്. ഇത് പ്രതിസന്ധി രൂക്ഷമാക്കി.
കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ഏകദേശം 5000 കോടി രൂപയുടെ ബിസിനസുകളാണ് ഓരോ വർഷവും നടക്കുന്നത്. ഇതിൽ മൂന്നു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അസംഘടിത മേഖലയിലെ കണക്കുകളും കൂടി ചേർത്താൽ ഇതിലും കൂടുതലായിരിക്കും. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളിൽ ശരാശരി 5 കോടി രൂപ വരെ ചെലവിടാറുണ്ട്. ഇങ്ങനെ കേരളത്തിൽ ഒരു വർഷം മിനിമം 1000 വിവാഹങ്ങളെങ്കിലും നടക്കാറുണ്ട്. ഇതിന് പുറമേയാണ് റിസോർട്ടുകളിൽ നടക്കുന്ന വിവാഹങ്ങൾ. ഇങ്ങനെ വിദേശികളെ കേരളത്തിലേക്ക് എത്തിക്കുന്ന വിനോദ സഞ്ചാര മാർഗങ്ങൾക്കാണ് തിരിച്ചടിയുണ്ടായത്.
കേരളത്തിൽ മുമ്പ് രാജ്യാന്തര കോൺഫറൻസുകളുടെ അവസ്ഥയിലും മാറ്റമില്ല. കൊച്ചിയിൽ നടന്ന ശിശുരോഗ വിദഗ്ദരുടെ സമ്മേളനത്തൽ 9,500 ഡോക്ടർമാരും ഇവരും ബന്ധുകളും ആരോഗ്യമേഖലയിലെ ജീവനക്കാരും പങ്കെടുത്തിരുന്നു. അന്ന് കൊച്ചിയിലെ ഹോട്ടലുകൾ മുഴുവൻ നിറഞ്ഞിരുന്നു. ടാക്സി കാറുകൾ മതിയാകാതെ വന്നതോടെ സമീപ ജില്ലകളിൽനിന്നും കാറുകൾ എത്തിക്കുകയായിരുന്നു. അഞ്ചു ദിവസത്തെ കോൺഫറൻസിന് ശേഷം കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കുകയും വലിയ രീതിയിലുള്ള ഷോപ്പിങ്ങുകളും നടത്തിയാണ് ഇവർ തിരിക്കെ പോയത്. ഇതിന്റെ ഭാഗമായി കൊച്ചിയിൽനിന്നും രണ്ട് ടൺ ചിപ്സാണ് വിറ്റു പോയതെന്ന് വ്യാപാരികളും പറയുന്നു. 170 കോടിയാണ് ഈ ഒറ്റ ഇവന്റിലൂടെ കേരളത്തിന്റെ വിപണിയിൽ എത്തിയത്.
യുദ്ധം കേരളത്തിലെ അടുക്കളയെ മാത്രമല്ല, കേരളത്തിലെ ബിസിനസ് മേഖലയെയും ടൂറിസം മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇതിൽതന്നെ പലരു കോവിഡ് കാലത്തിന്റെ ദുരിതത്തിൽ നിന്ന് ബിസിനസ് ഉയർത്തി കൊണ്ടുവരുന്നവരാണ്. ഈ മേഖലയെ എങ്ങനെ ഉയർത്തി കൊണ്ടുവരും എന്ന ചിന്തയിലാണ് ഇവന്റ് മനേജ്മെന്റ് സംഘങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.