ഉമർഫൈസി മുക്കം


ഉമർഫൈസി മുക്കത്തിന്‍റെ വിവാദ പ്രസംഗം മുശാവറ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സമസ്ത; വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചു

മലപ്പുറം: സമസ്ത നേതൃത്വം കത്ത് നൽകിയതിനെ തുടർന്ന് ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചു. ഉമ്മർ ഫൈസി മുക്കത്തിന് മറുപടി പറയാൻ വെള്ളിയാഴ്ച മലപ്പുറത്ത് നടത്താൻ തീരുമാനിച്ച സമ്മേളനമാണ് മാറ്റിയത്.

വഖഫ് ബോർഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് മുശാവറ അംഗം ഉമർഫൈസി മുക്കം സി.പി.എം വേദിയിൽ നടത്തിയ വിവാദ പരാമർശം 23ന് ചേരുന്ന സമസ്ത മുശാവറ യോഗം ഗൗരവപൂർവം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ആയതിൽ വിശദീകരണ സമ്മേളനം ഒഴിവാക്കണമെന്നുമാണ് സമസ്ത നേതൃത്വം രേഖ മൂലം ആവശ്യപ്പെട്ടത്. സമസ്ത ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള എം.ടി. അബ്ദുല്ല മുസ്‍ലിയാർ ഒപ്പിട്ട കത്താണ് വ്യാഴാഴ്ച രാവിലെ സമ്മേളന സംഘാടക സമിതിക്ക് നൽകിയത്. ഇതിന്റെ വെളിച്ചത്തിൽ സംഘാടക സമിതി യോഗം ചേർന്നാണ് സമ്മേളനം മാറ്റിവെക്കാൻ തീരുമാനിച്ചത്.

വഖഫ് ബോർഡിലേക്ക് അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ വഴിയൊരുങ്ങിയാൽ, അതുവഴി ആർ.എസ്.എസുകാർ വഖഫ് ബോർഡിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നും വഖഫ് വിഷയത്തിൽ ആർ.എസ്.എസിനോട് കൂട്ടുകൂടി തരംതാഴാൻ യു.ഡി.എഫിന് ഒരു മടിയുമില്ലെന്നും സി.പി.എം സെമിനാറിൽ വഖഫ്ബോർഡ് അംഗംകൂടിയായ ഉമർ ഫൈസി മുക്കം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലായിരുന്നു ലീഗ്, കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ചുള്ള ഉമർ ഫൈസിയുടെ പ്രസംഗം. ഇതിനെതിരെ ലീഗ്, കോൺഗ്രസ് നേതാക്കളും സമസ്തയിലെ ലീഗ് അനുകൂലികളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമസ്ത നേതൃത്വത്തിന് പോഷക സംഘടനകളിലെ ലീഗനുകൂലികളായ നേതാക്കൾ കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉമർ ഫൈസിക്ക് മറുപടി പറയാൻ വെള്ളിയാഴ്ച മലപ്പുറത്ത് വിശദീകരണ സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വഖഫ് വിശദീകരണ സമിതിയുടെ പേരിലാണ് പരിപാടി തീരുമാനിച്ചിരുന്നതെങ്കിലും മുസ്‍ലിംലീഗിന്റെ നേതാക്കളും പാണക്കാട് കുടുംബാംഗങ്ങളും ഉൾപ്പെടുന്ന സംഘാടക സമിതിയാണ് പരിപാടിക്കുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ സമ്മേളനത്തിൽ പ്രാസംഗീകരായി സമസ്തയിലെ ലീഗ് അനുകൂലികളായ പ്രമുഖരായ നേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നു. അണികളെ വിളിച്ചുകൂട്ടി നടത്തുന്ന ഈ സമ്മേളനം വിഭാഗീയത രൂക്ഷമാക്കുമെന്ന് തിരിച്ചറിഞ്ഞാണ് സമസ്ത നേതൃത്വം ഇടപെട്ട് അവസാന നിമിഷം പരിപാടി നിർത്തിവെപ്പിച്ചത്. നേതൃത്വത്തിന് വഴങ്ങുകയാണെന്നും ഉചിതമായ നടപടി മുശാവറയിൽ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും സംഘാടക സമിതി യോഗത്തിനുശേഷം വർക്കിങ് ചെയർമാൻ എം.സി. മായിൻ ഹാജിയും അബ്ദുസമദ് പൂക്കോട്ടൂരും അറിയിച്ചു.

Tags:    
News Summary - Waqf explanation conference postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.