വഖ്ഫ് ഭേദഗതി ബിൽ :എസ്.ഡി.പി.ഐ ഏജീസ് ഓഫീസ് മാർച്ച് നടത്തി

തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബിൽ അംഗീകരിക്കില്ല, ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം സമരം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെ വിഭജിക്കാനും ഭയചകിതമായ അന്തരീക്ഷ നിർമിതിയുമാണ് സംഘപരിവാർ ഭരണകൂടം ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പൗരസമൂഹത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹം പരാജയപ്പെടുന്നത് യു.എ.പി.എ യിൽ നാം കണ്ടതാണ്. രാജ്യത്തെ ജയിലുകൾ നിറഞ്ഞു കഴിഞ്ഞിട്ടും തടങ്കൽ പാളയങ്ങളെ ഭയപ്പെടാത്ത ജനതയിവിടെ പോരാട്ടം തുടരുകയാണ്.

വഖഫ് ഇന്ത്യൻ മുസൽമാന്റെ ആത്മാഭിമാനത്തിന്റെ കടയ്ക്കൽ പ്രഹരമേൽപ്പിക്കാൻ ഉദ്ദേശിച്ച് തന്നെയാണ് നിർമിക്കുന്നതെങ്കിലും പാർലമെന്റിലും പുറത്ത് തെരുവിലും മോദി, അമിത്ഷാ ദ്വയങ്ങളെ നിർഭയത്വത്തോടെ നേരിടുന്ന ചിത്രമാണ് ഇന്നിന്റേത്. അതുകൊണ്ട് വഖഫ് ഭേദഗതി ബിൽ കൊണ്ട് സംഘപരിവാർ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നേടാൻ പോകുന്നില്ല.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ മതേതര സമൂഹം ഒന്നാകെ പിന്തുണച്ച് വോട്ട് ചെയ്ത പാർലമെന്റ് അംഗങ്ങളെ അവരുടെ വീടുകളിലേക്കും ഓഫീസുകളിലേക്കും മാർച്ച് ചെയ്ത് ഭയപ്പെടുത്തി ഫാഷിസ്റ്റു ഭരണകൂടത്തിന്റെ വഖ്ഫ് ബില്ലിനനുകൂലമാക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക് ഉണ്ടായതെങ്ങിനെയാണ്.

പ്രതിപക്ഷ എം പിമാരെ പോലും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമ്മർദത്തിലൂടെ ഒപ്പം നിർത്താനാണ് സംഘപരിവാരം ശ്രമിക്കുന്നത്. എല്ലാത്തരം വെല്ലുവിളികളെയും നിർഭയത്വത്തോടെ നേരിടാനുള്ള കരുത്തും ആർജവവും ഇഛാശക്തിയും രാജ്യത്തെ പൗര ഭൂരിപക്ഷത്തിനുണ്ടെന്ന് ഭരണകൂടം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശിഹാബുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തന സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം. ജില്ലാ ജനറൽ സെക്രട്ടറിമാരായ സലിം കരമന, നസീർ കല്ലമ്പലം, സെക്രട്ടറി സിയാദ് തൊളിക്കോട്, ഷംസുദ്ദീൻ മണക്കാട് തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Waqf Amendment Bill: SDPI Aegis Office holds march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.