തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സംബന്ധിച്ച് പലവിധ സാധ്യതകൾ പരിശോധിച്ച് കെ.എസ്.ആർ.ടി.സിയും ഗതാഗത വകുപ്പും. ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നീക്കങ്ങൾ.
സൗജന്യ യാത്രക്ക് പ്രതിമാസ ബാധ്യതയുടെ കണക്കെടുപ്പ് പൂർത്തിയാക്കി കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പിന് റിപ്പോർട്ട് നൽകി. സൂപ്പർക്ലാസ് ഒഴിവാക്കി ഫാസ്റ്റ് പാസഞ്ചറുകൾ വരെ സൗജന്യയാത്ര അനുവദിച്ചാൽ 60 കോടി രൂപ പ്രതിമാസം ബാധ്യത വരും. ഹ്രസ്വ, ദീർഘദൂര യാത്രക്കാരെ പരിഗണിച്ചാൽ 52-55 ശതമാനം വനിതകളാണ്. ഹ്രസ്വദൂര യാത്രക്ക് കൂടുതലായി കെ.എസ്.ആർ.ടി.സി ബസുകളെയും ദീർഘദൂര യാത്രകൾക്ക് ട്രെയിനുകളെയും ആശ്രയിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഓർഡിനറി, ഫാസ്റ്റ് ബസുകളിലെ സ്ത്രീകളുടെ യാത്രാപങ്കാളിത്തം 60 ശതമാനം വരും.
ഫാസ്റ്റ് പാസഞ്ചറുകളിൽ വരെ സൗജന്യമനുവദിക്കണമെന്ന തരത്തിലാണ് ചർച്ച. ഓർഡിനറികളിലേക്ക് ചുരുക്കിയാൽ ‘സൗജന്യ യാത്ര’ എന്ന പ്രഖ്യാപനത്തിന്റെ പ്രസക്തിയും ആകർഷണീയതയും നഷ്ടപ്പെടും. അപ്പോഴും സാമ്പത്തിക ബാധ്യത വെല്ലുവിളിയാണ്. ദൂരപരിധി നിശ്ചയിക്കണമെന്നും മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമാക്കണമെന്നുള്ള ബദൽ ശിപാർശകളുണ്ട്. ട്രാവൽ കാർഡുകൾ നൽകി പ്രതിമാസം നിശ്ചിത തുകയുടെ യാത്ര സൗജന്യമാക്കാമെന്നതാണ് മറ്റൊരു നിർദേശം. ഇക്കാര്യം മന്ത്രിസഭ യോഗം തീരുമാനിക്കും. സർക്കാറിന്റെ നയപരമായ തീരുമാനമായതിനാൽ സാമ്പത്തിക ബാധ്യത സർക്കാർ പരിഹരിക്കണമെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്.
സൗജന്യയാത്ര ആരംഭിച്ചാൽ ബസുകളിൽ തിരക്കേറും. സ്വകാര്യബസുകളുള്ള റൂട്ടുകളിൽ പണം നൽകി നിന്ന് യാത്രചെയ്യേണ്ടി വരുന്ന പുരുഷന്മാർ സീറ്റ് കിട്ടുന്ന സ്വകാര്യ ബസുകളിലേക്ക് മാറുമോ എന്ന ആശങ്ക ഉണ്ട്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാൽകൃത റൂട്ടുകളിൽ സൂപ്പർ ഫാസ്റ്റുകളുടെ കലക്ഷനെയും ബാധിച്ചേക്കും.
സൗജന്യയാത്രക്ക് ടിക്കറ്റ് നൽകണോ എന്നതാണ് മറ്റൊരു പ്രശ്നം. തമിഴ്നാട്ടിലും മറ്റും ഇത്തരം യാത്രകൾക്ക് ‘സീറോ’ ടിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി ടിക്കറ്റ് മെഷീനുകളും ഓൺലൈൻ സംവിധാനങ്ങളും വാടകക്കരാർ അടിസ്ഥാനത്തിലാണ്. ടിക്കറ്റ് മെഷീനിൽ കീറുന്ന ഓരോ ടിക്കറ്റിനും നിശ്ചിത പൈസ വീതം സ്വകാര്യ കമ്പനിക്ക് നൽകണം. സൗജന്യ യാത്രക്ക് ‘സീറോ ടിക്കറ്റ്’ നൽകിയാൽ അതിനും പണം നൽകേണ്ടി വരും. വരുമാനം അനുസരിച്ച് ലഭിക്കുന്ന ഇൻസെന്റീവുകളെ സൗജന്യയാത്ര ബാധിക്കുമോ എന്നതാണ് ജീവനക്കാരുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.