ജഗദീഷ്
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയ്ക്ക് പിന്നാലെ നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടൻ ജഗദീഷ്. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയെന്നും പൊതുസമൂഹത്തിന് മുന്നിൽ 'അമ്മ'യുടെ പ്രതിച്ഛായ മോശമാക്കിയെന്നും ജഗദീഷ് പ്രതികരിച്ചു. അതേസമയം, പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത് വെറും വൈകാരിക പ്രകടനങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ടത്തെപ്പോലെ നേതൃത്വം പറയുന്നത് കണ്ണടച്ച് അനുസരിക്കുന്നവരല്ല ഇന്നത്തെ 'അമ്മ'യിലെ അംഗങ്ങളെന്നും, ചോദിക്കേണ്ട കാര്യങ്ങൾ ചോദിക്കാനും തിരുത്തേണ്ടവ തിരുത്തിക്കാനും പുതുതലമുറയ്ക്ക് അറിയാമെന്നും ജഗദീഷ് ഓർമ്മിപ്പിച്ചു. മുൻപ് താനും സംഘടനയുടെ ട്രഷറർ ആയിരുന്ന കാര്യം ചൂണ്ടിക്കാണിച്ച താരം, ഒരു ട്രഷററെ അവധിയിൽ വിടുന്നതൊക്കെ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും വിമർശിച്ചു. കുറ്റാരോപിതരായ ആരും ഇനി സംഘടനയെ നയിക്കില്ലെന്നും വരുംകാലങ്ങളിലും അത് അങ്ങനെതന്നെയായിരിക്കുമെന്നും ജഗദീഷ് വ്യക്തമാക്കി.
സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ഒടുവിൽ ഭരണസമിതിയുടെ കൂട്ടരാജാവിയിലേക്ക് വഴിമാറിയത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളെച്ചൊല്ലി യോഗത്തിൽ മുതിർന്ന താരങ്ങൾ തമ്മിൽ നേർക്കുനേർ തർക്കിച്ചിരുന്നു. കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പാനൽ റിപ്പോർട്ടിനെ ശക്തമായി എതിർത്തു. റിപ്പോർട്ടിൽ ഗുരുതര പിഴവുകളുണ്ടെന്ന നിലപാടിൽ നടനും സംവിധായകനുമായ രഞ്ജി പണിക്കരും ഉറച്ചുനിന്നു.
തർക്കം മുറുകിയതോടെ വിശദമായ പഠനത്തിന് പ്രസിഡന്റ് ശ്വേതാ മേനോൻ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും, റിപ്പോർട്ട് പാസാക്കാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന അംഗങ്ങളുടെ ചോദ്യത്തിന് മുന്നിൽ ഭരണസമിതിക്ക് രാജിവെക്കേണ്ടി വരികയായിരുന്നു. പുതിയ ഭരണസമിതിയിലേക്ക് രമേശ് പിഷാരടിയുടെ പേര് താൻ നിർദേശിച്ചപ്പോൾ യോഗത്തിൽ നിറഞ്ഞ കൈയടിയാണ് ലഭിച്ചതെന്നും ജഗദീഷ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.