നാടിന്റെ സ്നേഹം തിരികെ നൽകി ശശിയേട്ടൻ വിടവാങ്ങി; മുറിയിലെ കാഴ്ച കണ്ണ് നനയിക്കും!

രാജാക്കാട്: കൂട്ടിന് ആരുമില്ലാത്ത ജീവിതത്തിനിടയിലും നാടിന്റെ സ്നേഹം കരുതലോടെ സൂക്ഷിച്ച ശശിയേട്ടൻ യാത്രയായി. ഇടുക്കി രാജാക്കാട് ടൗണിന്റെ പ്രിയങ്കരനായിരുന്ന ശശി, താൻ താമസിച്ചിരുന്ന മുറിയിൽ ഉപേക്ഷിച്ചു പോയത് നാട്ടുകാർ നൽകിയ സ്നേഹസമ്മാനങ്ങളായിരുന്നു. മരണശേഷം ഇദ്ദേഹം താമസിച്ചിരുന്ന മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ആ കാഴ്ച കണ്ടത്.

കുടുംബമോ ബന്ധുക്കളോ ഇല്ലാത്ത ശശി, ടൗണിലെ ഒരു കെട്ടിടത്തിലെ ഒറ്റമുറിയിലായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്. ടൗണിൽ എല്ലാവർക്കും സുപരിചിതനായിരുന്ന ഇദ്ദേഹം, ആരോ നൽകുന്ന ഭക്ഷണം മാത്രം കഴിച്ച് അനാവശ്യ ചെലവുകളില്ലാതെയാണ് ജീവിച്ചിരുന്നത്. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നെങ്കിലും ആരോടും ഒന്നിനും യാചിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

ശശിയുടെ മരണശേഷം അന്ത്യകർമങ്ങൾ പൂർത്തിയാക്കി, മുറിയുടെ ഉടമയും സമീപത്തെ ജ്വല്ലറി ഉടമയുമായ തങ്കച്ചൻ മുറി പരിശോധിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പഴയ തുണിക്കവറിൽ നിറയെ നോട്ടുകെട്ടുകൾ കണ്ടതോടെ അത്ഭുതപ്പെട്ടു. ജ്വല്ലറിയിലെത്തി പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 1,15,751 രൂപയാണ് ഉണ്ടായിരുന്നത്.

വർഷങ്ങളായി നാട്ടുകാർ നൽകിയ പണം മരുന്നിനും അത്യാവശ്യ കാര്യങ്ങൾക്കും മാത്രമായി ഉപയോഗിച്ച ശേഷം ബാക്കി പൂർണമായും അദ്ദേഹം കരുതിവെക്കുകയായിരുന്നു.

തനിക്ക് ലഭിച്ച സ്നേഹം മുഴുവൻ നാടിന് തന്നെ തിരികെ നൽകിയാണ് ഈ പാവം മനുഷ്യൻ ലോകത്തോട് വിടപറഞ്ഞത്. ശശിയേട്ടൻ കരുതിവെച്ച തുക അർഹരായ രോഗികളുടെ ചികിത്സക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Tags:    
News Summary - Shashiyettan bids farewell, returning the town’s love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.