കോഴിക്കോട്: സമാന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എ.പി. അബ്ദുൽ വഹാബ് വ്യക്തമാക്കിയതോടെ ഐ.എൻ.എൽ രണ്ടാകുമെന്ന് ഉറപ്പായി. തിങ്കളാഴ്ച കോഴിക്കോട്ടു ചേർന്ന യോഗശേഷമാണ് സംസ്ഥാന കൗൺസിൽ വിളിച്ചുചേർക്കുമെന്ന് വഹാബ് പ്രഖ്യാപിച്ചത്. ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച അഡ്ഹോക് കമ്മിറ്റിയെ അദ്ദേഹം തള്ളി.
അതേസമയം, പിരിച്ചുവിടപ്പെട്ട കൗൺസിൽ ചേർന്നാൽ വീണ്ടും വഹാബ് അടക്കമുള്ളവരെ ദേശീയ കമ്മിറ്റിയുടെ ഇടപെടലിലൂടെ അച്ചടക്ക നടപടിയെടുത്ത് പുറത്താക്കാനാണ് മറുവിഭാഗത്തിന്റെ തീരുമാനം. പാർട്ടിയുടെ കൊടിയും പേരും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമനടപടി തുടരാനും കാസിം പക്ഷം ആലോചിക്കുന്നു. മുൻകൂട്ടി അറിയിക്കാതെ ദേശീയ കമ്മിറ്റി ഓൺലൈനിൽ വിളിച്ചുചേർത്തത് ഭരണഘടനാവിരുദ്ധമാണെന്നാണ് വഹാബ് വിഭാഗത്തിന്റെ പക്ഷം.
അതേസമയം, മൂന്നു ദിവസം മുമ്പ് നോട്ടീസ് നൽകിയാണ് അടിയന്തര യോഗം ചേർന്നതെന്നും ഇത് ഭരണഘടനാനുസൃതമാണെന്നും മറുഭാഗവും വാദിക്കുന്നു. ഞായറാഴ്ച ചേർന്ന ദേശീയ നിർവാഹക സമിതി നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റും പ്രവർത്തകസമിതിയും കൗൺസിലും പിരിച്ചുവിട്ട് മന്ത്രി ദേവർകോവിൽ ചെയർമാനായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.അതിനിടെ, നേരത്തേ ഐ.എൻ.എൽ പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി വഹാബ് കൂടിക്കാഴ്ച നടത്തി.
നിലവിലെ പ്രശ്നങ്ങൾ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് വഹാബ് വ്യക്തമാക്കി. ഇനി ഐ.എൻ.എൽ പ്രശ്നത്തിൽ മധ്യസ്ഥതക്കില്ലെന്ന് കാന്തപുരം നേരത്തേ വ്യക്തമാക്കിയിരുന്നു. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും വഹാബ് പക്ഷം ബന്ധപ്പെട്ടു. രണ്ടുവിഭാഗവും ഒരുമിച്ചുപോകണമെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്ന് അറിയുന്നു.
മഞ്ചേരി: ദേശീയ നേതൃത്വത്തെയും പാർട്ടി ഭരണഘടനയെയും അംഗീകരിക്കാത്തവർക്ക് ഐ.എൻ.എല്ലിൽ ഇടമുണ്ടാകില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ. മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയെന്നാല് പ്രസിഡന്റല്ല. സംസ്ഥാന കമ്മിറ്റി അഖിലേന്ത്യ നേതൃത്വത്തിനൊപ്പമാണ്. മറിച്ചൊരു വാദം സംസ്ഥാന പ്രസിഡന്റിനുണ്ടെങ്കില് അതിന് മറുപടി പറയേണ്ടത് അദ്ദേഹമാണ്.
പാർട്ടി പിളരേണ്ട സാഹചര്യമില്ല. മുമ്പ് പി.എം.എ സലാമിനെ പാർട്ടി പുറത്താക്കിയത് ദേശീയ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണെന്നും വ്യക്തികൾ മാറുന്നതിനനുസരിച്ച് ഭരണഘടന മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് സംഘടന തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം നാഷനൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.