മു​ൻ​രാ​ഷ്ട്ര​പ​തി പ്ര​തി​ഭ പാ​ട്ടീ​ലി​ൽ​നി​ന്ന്​ പ്ര​ഫ. ടി.​കെ. ഉ​മ്മ​ൻ പ​ദ്​​മ​ഭൂ​ഷ​ൺ ബ​ഹു​മ​തി സ്വീ​ക​രി​ക്കു​ന്നു

ടി.കെ. ഉമ്മൻ അതുല്യ പ്രതിഭ; നാട് തൊട്ടറിഞ്ഞ ശാസ്ത്രജ്ഞൻ

ആലപ്പുഴ: ഇന്ത്യൻ സമൂഹ ശാസ്ത്രത്തിന് പുതിയ ദിശാബോധം നൽകിയ പ്രഫ. ടി.കെ. ഉമ്മൻ (88) നാട് തൊട്ടറിഞ്ഞ അതുല്യ പ്രതിഭ. ജെ.എൻ.യുവിൽ ദീര്‍ഘകാലം അധ്യാപകനായിരുന്ന അദ്ദേഹത്തിന്‍റെ വിവിധ രംഗങ്ങളിലെ സംഭാവന പരിഗണിച്ച് 2008ലാണ് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചത്. മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽനിന്നാണ് ബഹുമതി ഏറ്റുവാങ്ങിയത്. അന്ന് നാട്ടിൽ വലിയ സ്വീകരണമാണ് ഒരുക്കിയതെന്ന് സഹോദരനും പ്രവാസിയും കൂടിയായ ടി.കെ. സൈമൺ ‘മാധ്യമ’ത്തോട് പറഞ്ഞു.

വെൺമണി കല്യാത്ര ജങ്ഷനിൽനിന്ന് പൗരവേദിയുടെ നേതൃത്വത്തിൽ വലിയ ആഘോഷമായിട്ടാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യനായിരുന്നു ഉദ്ഘാടകൻ. നാടിന്‍റെ സ്നേഹം തൊട്ടറിഞ്ഞ മുഹൂർത്തമായിരുന്നു അത്. രണ്ടുകൊല്ലം മുമ്പ് തന്‍റെ 70ാമത് ജന്മദിനം ആഘോഷിക്കാൻ വീട്ടിൽ എത്തിയിരുന്നു. പിതാവ് കോശിയുടെയും മാതാവിന്‍റെയും പേരിലുള്ള കുടുംബ ട്രസ്റ്റിന്‍റെ യോഗങ്ങളിലും പതിവായി പങ്കെടുക്കുമായിരുന്നു. വാർധക്യ സഹജമായ രോഗം പിടിപെട്ട് കിടപ്പിലായതോടെ ആ വരവും നിന്നു. 1990ൽ മാർത്തോമ ഹൈസ്കൂൾ ശതാബ്ദി ആഘോഷത്തിന് പൂർവ വിദ്യാർഥി കൂടിയായ ടി.കെ. ഉമ്മനായിരുന്നു മുഖ്യാതിഥി.

ആലപ്പുഴ ചെങ്ങന്നൂർ വെൺമണി തറയിലേത്ത് കിഴക്കേതിൽ വീട്ടിൽ കെ.എം.കോശിയുടെയും സാറാമ്മയുടെയും മകനായി 1937 ഒക്ടോബർ 23നാണ് ജനിച്ചത്.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസിലെ പ്രഫസര്‍ ആയിട്ടാണ് വിരമിച്ചത്. മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ചരിത്ര പ്രധാനമായ സച്ചാർ കമ്മിറ്റിയിലെ പ്രമുഖ അംഗമായിരുന്നു. ഇതിലൂടെ രാജ്യത്തെ മുസ്‌ലിം സമുദായം നേരിടുന്ന വിവേചനങ്ങളും വികസന മുരടിപ്പും ശാസ്ത്രീയമായി നന്നായി വിശകലനം ചെയ്യാനായി. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം ഹിന്ദു-മുസ്ലിം അനുരഞ്ജനത്തിനായി രൂപവത്കരിച്ച ഗുജറാത്ത് ഹാർമണി പ്രോജക്ടിന്‍റെ അധ്യക്ഷനായിരുന്നു.

സാമൂഹികനീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖകളിൽ നിരവധി പഠനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇത് സമൂഹത്തിൽ വ്യാപക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഭാര്യ: ജോസഫൈൻ ഉമ്മൻ (ഡൽഹി സ്കൂളിലെ റിട്ട. അധ്യാപിക). മക്കൾ: കോശി ഉമ്മൻ (ചാർട്ടേഡ് അക്കൗണ്ട്, ബഹ്റിൻ), ജോണി ഉമ്മൻ (ലാൻഡ് ക്രൂയിസർ, സി.ഇ.ഒ, ഒമാൻ). മരുമക്കൾ: റാണി (ബഹ്റിൻ), അനു (ഒമാൻ). സഹോദരങ്ങൾ: പരേതനായ ടി.കെ. മാത്യു (ഡൽഹി, ദീപാലയ സ്ഥാപകനേതാവ്), ടി.കെ. എബ്രഹാം (റിട്ട. ജനറൽ മാനേജർ), ടി.കെ. സൈമൺ (പ്രവാസി), പരേതയായ ചിന്നമ്മ, അന്നമ്മ, അമ്മിണി.

Tags:    
News Summary - T.K. Oommen: A Rare Intellectual Force Who Deeply Understands His Nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.