കൽപറ്റ: സ്വയം രക്ഷക്കുവേണ്ടിയാണ് മാവോവാദികൾക്കുനേരെ പൊലീസ് സംഘം വെടിയുതിർത്തതെന്ന് കണ്ണൂർ ഐ.ജി ബൽറാം കുമാർ ഉപാധ്യായ. സുഗന്ധഗിരി പ്രദേശത്ത് വർഷങ്ങളായി മാവോവാദി സാന്നിധ്യമുണ്ട്. പട്ടികജാതി-പട്ടികവർഗക്കാരാണ് മേഖലയിൽ ക ൂടുതലുള്ളത്. കൂടാതെ, പൊതുജനങ്ങൾക്കും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്കും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്ത ം പൊലീസിനുണ്ട്.
മാവോവാദികൾ കോളനികളിലെത്തി പണവും ഭക്ഷണസാധനങ്ങളും ആവശ്യപ്പെടുന്നത് പതിവാണ്. റിസോർട്ടിലെ ജീവനക്കാരാണ് രണ്ടു മാവോവാദികളെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയതോടെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ അവസരം നൽകിയെങ്കിലും അവർ തയാറായില്ല. ഒടുവിൽ സ്വയം രക്ഷക്കുവേണ്ടിയാണ് പൊലീസ് വെടിവെച്ചത്-അദ്ദേഹം പറഞ്ഞു.
സി.പി. ജലീലാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നയാൾ മങ്കി തൊപ്പി ധരിച്ചതിനാൽ തിരിച്ചറിയാനായിട്ടില്ല. വെടിവെപ്പിൽ ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. കാരണം, ഇദ്ദേഹം രക്ഷപ്പെട്ട വഴികളിൽ ചോരവീണ പാടുകളുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടാകാമെന്നാണ് സംശയം. മാവോവാദികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ‘ഓപറേഷൻ അനാക്കോണ്ട‘
കൽപറ്റ: മലബാറിൽ വർധിച്ചുവരുന്ന മാവോവാദി സാന്നിധ്യം പ്രതിരോധിക്കാൻ പൊലീസ് നടത്തുന്ന ‘ഓപറേഷൻ അനാക്കോണ്ട’യുടെ ഭാഗമായാണ് ലക്കിടിയിലെ റിസോർട്ടിൽ നടത്തിയ നീക്കം. വെടിവെപ്പിൽ സി.പി. ജലീൽ കൊല്ലപ്പെെട്ടങ്കിലും മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഒാപറേഷൻ അനാക്കോണ്ടയുടെ ഭാഗമായുള്ള നടപടികൾ സജീവമായി തുടരുമെന്ന് കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. ഡിസംബറിലാണ് ഓപറേഷൻ അനാക്കോണ്ട ആരംഭിച്ചത്. ഒരു വർഷമായി വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാവോവാദി വിരുദ്ധ നടപടി തുടങ്ങിയിരുന്നു. മാവോവാദി വിരുദ്ധ നീക്കങ്ങളിൽ കേരള പൊലീസും തണ്ടർബോൾട്ടും ആൻറി നക്സൽ സ്ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജലീലിന് വെടിയേറ്റത് തലക്കു പിന്നിലും കൈയിലും
കൽപറ്റ: സാധാരണ മാവോവാദികൾ ധരിക്കുന്ന പച്ച നിറത്തിലുള്ള യൂനിഫോമിന് പകരം സിവിൽ വേഷത്തിലാണ് സി.പി. ജലീലും കൂട്ടാളിയും റിസോർട്ടിലെത്തിയത്. നീല ചെക്ക് ഷർട്ടും ചാര നിറത്തിലുള്ള പാൻറ്സുമാണ് ജലീൽ ധരിച്ചത്. കൈയിൽ ചെയിൻ വാച്ച് ധരിച്ചിരുന്നു. തലക്കു പിന്നിലേറ്റ വെടിയാണ് മരണ കാരണം. കൂടാതെ, കൈയിലും വെടിയേറ്റു. കോഴിക്കോട്- വയനാട് ദേശീയപാതയിൽനിന്ന് 50 മീറ്റർ മാത്രം അകലത്തിലാണ് മൃതദേഹം കിടന്നത്. റിസോർട്ടിലെ സ്വിമ്മിങ് പൂളിനു സമീപത്തെ പാറക്കല്ലുകളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ വെടിയേറ്റതാകാം. മൃതദേഹത്തിനരികിൽ നാടൻ തോക്കും ബാഗുമുണ്ടായിരുന്നു. അരയിൽ തോർത്ത് കെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.