വൈത്തിരി: പിതൃസഹോദരനോടൊപ്പം സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്ന വഴി സ്‌കൂട്ടറിൽ ലോറിയിടിച്ച് നാലര വയസ്സുകാ രന് ദാരുണാന്ത്യം. വൈത്തിരി പള്ളത്ത് മുഹമ്മദ് റാഫിയുടെ മകൻ റാഷി മുഹമ്മദ് ഹംസയാണ് മരിച്ചത്. ചേലോട് എച്ച്.ഐ.എം യു. പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.
പിതാവ് മുഹമ്മദ് റാഫി ഗൾഫിലാണ്. ബുധനാഴ്ച വൈകീട്ട് നാലിന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിലാണ് അപകടം. പിതൃസഹോദരൻ ജമാൽ, മകൻ മിലു സാജു എന്നിവരോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽനിന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള പാർസൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ജമാലിന് നിസ്സാര പരിക്കേറ്റു.
ലോറി ഡ്രൈവർ കൃഷ്ണഗിരി ഗംഗാപുരം സ്വദേശി രമേശിനെ വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈത്തിരി മദ്റസയിൽ പൊതുദർശനത്തിനു ശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വൈത്തിരി ജുമാമസ്ജിദിൽ ഖബറടക്കും. മാതാവ്: റസീന. സഹോദരങ്ങൾ: റഹ്‌സാൻ, ഹയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.