‘കാക്കി ഉടുപ്പും തോളിലെ നക്ഷത്രവും അധികകാലം കാണില്ല’; എ.സി.പി എ. ഉമേഷിന് മുന്നറിയിപ്പുമായി വി.ടി ബൽറാം

ചേവായൂര്‍ (കോഴിക്കോട്): ചേവായൂര്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ സി.പി.എമ്മിന് കൂട്ടുനിന്നുവെന്ന് ആരോപണം ഉയർന്ന മെഡിക്കല്‍ കോളജ് എ.സി.പി എ. ഉമേഷിന് മുന്നറിയിപ്പുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം. കാക്കി ഉടുപ്പും തോളിലെ നക്ഷത്രവും അധികകാലം കാണില്ലെന്ന് ബൽറാം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണ സദസിലായിരുന്നു എ.സി.പിക്കെതിരായ ബൽറാമിന്‍റെ രൂക്ഷ വിമർശനം. ഏതെങ്കിലും ബാങ്ക് കണ്ടു വളർന്നുവന്നതല്ല കോൺഗ്രസ്. ക്രിമിനലുകൾക്ക് ഒത്താശ പാടുന്ന സമീപനം കോഴിക്കോട്ടെ പൊലീസിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ബൽറാം വ്യക്തമാക്കി.

ആലപ്പുഴയിൽ പ്രധാനപ്പെട്ട സി.പി.എം നേതാവ് പുറത്തു പോകുന്നു. കാവി ഷോൾ പുതക്കുന്നു. ചോപ്പ് നരച്ചാൽ കാവി എന്നായിരുന്നു പറയാറ്. ഇപ്പോൾ നരക്കേണ്ട ചോപ്പിൽ നിന്ന് നേരിട്ട് പരകായ പ്രവേശനമാണ് നടക്കുന്നത്. സി.പി.എം എന്ന പാർട്ടി സി.ജെ.പിയായി മാറിയെന്നും ബൽറാം പറഞ്ഞു.

ചിരിച്ചു കൊണ്ട് വഞ്ചിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എ.സി.പി എ. ഉമേഷെന്ന് ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ. പ്രവീണ്‍ കുമാർ പറഞ്ഞു.

Tags:    
News Summary - VT Balram warns Kozhikode Medical College ACP A. Umesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.