‘അതാണ് ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം’-വി.ടി.ബൽറാം

ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി മുൻ എം.എൽ.എ വി.ടി. ബല്‍റാം. ബി.ജെ.പിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു ജഗദീഷ് ഷെട്ടാറെന്ന് ബല്‍റാം സമൂഹമാധ്യമത്തിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല ഷെട്ടാര്‍ കോണ്‍ഗ്രസിലെത്തിയതെന്നും ഇനിയും നിരവധിയാളുകള്‍ പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പരാര്‍ശം.

തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയിലെത്തിയ നേതാക്കളെയെല്ലാം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുമെന്നും നേതാക്കളുടെ നിലപാടിനെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യാനുള്ള അവസരമൊരുക്കുമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. അതാണ് ബി.ജെ.പിയുടെ ചാണക തന്ത്രങ്ങളും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്നും ബല്‍റാം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കർണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാർട്ടി ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീർഘനാൾ ബി.ജെ.പിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സാവഡിയും കോൺഗ്രസിലേക്ക് വന്നത്. നൂറു കണക്കിന് അറിയപ്പെടുന്ന ബി.ജെ.പി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഈ ദിവസങ്ങളിലായി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേർ വരാനിരിക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയിൽ പരിശോധനക്ക് വിധേയമാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോൺഗ്രസ് ഉൾക്കൊള്ളുന്നത്. അതാണ് കോൺഗ്രസും ബി.ജെ.പി തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം.

Tags:    
News Summary - V.T Balram reacted to BJP leaders entry into the Congress.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.