കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം അഭിനന്ദനം അറിയിച്ചത്. കെ.കെ. ശൈലജക്കും പി.കെ. ബിജുവിനും മുഹമ്മദ് റിയാസിനും പ്രത്യേകം അഭിനന്ദനങ്ങളും എഫ്.ബി പോസ്റ്റിൽ വി.ടി. ബൽറാം കുറിച്ചിട്ടുണ്ട്.
പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, എം.വി. ജയരാജൻ, സി.എൻ. മോഹനൻ എന്നിവരെയാണ് 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. കൂടാതെ, 89 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തതിട്ടുണ്ട്.
പ്രായപരിധി, അനാരോഗ്യം, സ്വയം സന്നദ്ധത എന്നിവയാലുള്ള ഒഴിവാക്കലിനു ശേഷം 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രായപരിധി കഴിഞ്ഞ സെക്രട്ടേറിയറ്റിലെ പി.കെ. ശ്രീമതി, എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവരെ ഒഴിവാക്കി മുൻമന്ത്രി കെ.കെ. ശൈലജ, കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ എന്നിവരെ ഉൾപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് സീനിയോറിറ്റി മറികടന്ന് എം.വി. ഗോവിന്ദൻ സെക്രട്ടറിയായതോടെ നേതൃത്വവുമായി അകന്നുനിന്ന ഇ.പി. ജയരാജൻ മയപ്പെട്ട് പാർട്ടിയുമായി നല്ല സ്വരത്തിലായതാണ് സെക്രട്ടേറിയറ്റിൽ തുടരുന്നതിന് തുണയായത്.
75 വയസ്സ് പൂർത്തിയാകാൻ മാസങ്ങൾ അവശേഷിക്കുന്നതും ഇ.പി. ജയരാജനും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും അനുഗ്രഹമായി. അതേസമയം സെക്രട്ടേറിയറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ എന്നിവരെ നേതൃത്വം പരിഗണിച്ചില്ല. ആനാവൂർ നാഗപ്പൻ ഒഴിഞ്ഞതോടെ സെക്രട്ടേറിയറ്റിൽ തിരുവനന്തപുരത്തിന് പങ്കാളിത്തമില്ലാതായിട്ടുമുണ്ട്.
കഴിഞ്ഞ കമ്മിറ്റിയിലെ ക്ഷണിതാക്കളായ ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ് എന്നിവർക്കൊപ്പം മുൻ എം.എൽ.എ എം. പ്രകാശൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, കാസർകോട് ജില്ല സെക്രട്ടറി എം. രാജഗോപാൽ, വയനാട് ജില്ല സെക്രട്ടറി കെ. റഫീഖ്, കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്, മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ, തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, പാലക്കാട്ടെ കെ. ശാന്തകുമാരി, എറണാകുളത്തെ എം. അനിൽ കുമാർ, ആലപ്പുഴയിലെ കെ. പ്രസാദ്, കോട്ടയത്തെ ടി.ആർ. രഘുനാഥ്, കൊല്ലത്തെ എസ്. ജയമോഹൻ, തിരുവനന്തപുരത്തെ ഡി.കെ. മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിലെത്തിയ പുതുമുഖങ്ങൾ. എന്നാൽ, മന്ത്രി വീണ ജോർജിനെ സ്ഥിരം ക്ഷണിതാവുമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.