കോഴിക്കോട്: ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിലെ മാതൃകാവീടിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിർമാണ ചെലവ് സംബന്ധിച്ച് വിമർശനവുമായി കെ.പി.സി.സി മുൻ വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം രംഗത്ത്. ഒരു വീടിന്റെ നിർമാണ ചെലവ് 30 ലക്ഷം രൂപയാകുന്നത് എങ്ങനെയെന്ന് സംസ്ഥാന സർക്കാരും നിർമാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയും വിശദീകരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബൽറാം ആവശ്യപ്പെട്ടു.
റവന്യു മന്ത്രി കെ. രാജൻ പറയുന്നതനുസരിച്ച് വീട് ഒന്നിന് നിർമാണ ചെലവായി ഊരാളുങ്കലിന് സർക്കാർ നൽകുന്നത് 30 ലക്ഷം രൂപയാണ്. നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയിലുള്ള നിർമാണത്തിന് സ്ക്വയർ ഫീറ്റിന് 1700-1800 രൂപക്കാണ് കോൺട്രാക്ടർമാർ കരാർ എടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫർണീഷിങ്ങും പുട്ടി ഫിനിഷിൽ പെയിന്റ് ചെയ്യുന്നതും അടക്കമുള്ള നിരക്കാണിത്. 1000 സ്ക്വയർ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കി ചെയ്താൽ 20 ലക്ഷം വരെ ആവാം.
400 വീടിന് 20 ലക്ഷം വീതമാണെങ്കിൽ 80 കോടി മതി. നൂറിലേറെയാളുകൾ സർക്കാറിന്‍റെ വീട് വേണ്ട എന്ന് പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേർക്ക് മാത്രമേ സർക്കാർ യഥാർഥത്തിൽ വീട് നിർമിക്കേണ്ടതുള്ളൂ. അതിന് പരമാവധി 60 കോടി രൂപ മതിയാകും. അതായത് ദുരിതാശ്വാസനിധിയിൽ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതർക്ക് വീട് വച്ച് നൽകാനെന്നും ബൽറാം എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
വയനാട് ദുരന്തത്തിന് ഒരു വർഷം പൂർത്തിയായ ജൂലൈ 30നാണ് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിർമിക്കുന്ന മാതൃകാവീടിന്റെ ചിത്രങ്ങൾ സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. ഏഴ് സെന്‍റിൽ 1000 ചതുരശ്രയടി വിസ്തീർണമുള്ള ടൗൺഷിപ്പിലെ വീടുകൾ ഒരുങ്ങുന്നത്.
രണ്ട് കിടപ്പുമുറികൾ, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വർക്ക് ഏരിയ എന്നിവയുണ്ട്. രണ്ട് കിടപ്പുമുറികളിൽ ഒന്നിൽ അറ്റാച്ച്ഡ് ബാത്ത്റൂമും ഉണ്ട്. കൂടാതെ, ഒരു കോമൺ ടോയ്‌ലെറ്റും വീട്ടിലുണ്ട്. ഏപ്രിൽ 16നാണ് ടൗൺഷിപ്പ് നിർമാണം തുടങ്ങിയത്.
നിർമാണം പൂർത്തിയായ മാതൃക വീട് കാണാനെത്തിയ മന്ത്രി കെ. രാജനോട് വീടിന്റെ നിർമാണത്തിൽ തങ്ങൾ തൃപ്തരാണെന്ന് ഗുണഭോക്താക്കളിൽ ചിലർ പറഞ്ഞു. 2025 ഡിസംബർ 31 നകം ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തീകരിക്കുമെന്നും 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.
വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
780 കോടി രൂപ വയനാടിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചിട്ടുണ്ട്. അതിന്റെ ഒരു വർഷത്തെ പലിശ തന്നെ കുറഞ്ഞത് 70 കോടി വരും. ഇതാണ് സർക്കാർ ഊരാളുങ്കൽ വഴി നൽകുന്ന വീട്. മന്ത്രി കെ. രാജൻ പറയുന്നതനുസരിച്ച് 30 ലക്ഷം രൂപയാണ് ചെലവായി നിർമ്മാണക്കമ്പനിക്ക് സർക്കാർ നൽകുക. സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സർക്കാരിന് 20 ലക്ഷം വീതം നൽകിയാൽ മതിയാവും. ബാക്കി 10 ലക്ഷം സൗജന്യ സാധന സാമഗ്രികളായും മറ്റും സർക്കാർ കണ്ടെത്തി നൽകും.
നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയിൽ ചെയ്യാൻ സ്ക്വയർ ഫീറ്റിന് 1700-1800 രൂപക്കാണ് കോൺട്രാക്ടർമാർ വർക്കെടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫർണീഷിംഗും പുട്ടി ഫിനിഷിൽ പെയിന്റ് ചെയ്യുന്നതുമടക്കമുള്ള റേറ്റാണിത്. 1000 സ്ക്വ.ഫീറ്റ് വീടിന് 17- 18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കിച്ചെയ്താൽ 20 ലക്ഷം വരെ ആവാം. സർക്കാരിനും ഊരാളുങ്കലിനും ഇത് 30 ലക്ഷം ആവുന്നതെങ്ങനെയെന്ന് അവർ തന്നെ ആധികാരികമായി വിശദീകരിക്കട്ടെ.
400 വീടിന് 20 ലക്ഷം വീതമാണെങ്കിൽ 80 കോടി മതി. നൂറിലേറെയാളുകൾ സർക്കാരിന്റെ വീട് വേണ്ട എന്നു പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേർക്ക് മാത്രമേ സർക്കാർ യഥാർത്ഥത്തിൽ വീടുണ്ടാക്കേണ്ടതുള്ളൂ. അതിന് മാക്സിമം 60 കോടി മതിയാകും. അതായത് ദുരിതാശ്വാസ നിധിയിൽ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതർക്ക് വീട് വച്ച് നൽകാൻ. അതെങ്കിലും എത്രയും വേഗം നടക്കട്ടെ എന്നാശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.