‘ഇതെന്തൊരു കഷ്ടമാണ്! സംഘ് പരിവാറിന്‍റെ ജീർണിച്ച പ്രത്യയശാസ്ത്രമാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്’; സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ വി.ടി. ബൽറാം

കൊച്ചി: ഗോത്ര വിഭാഗത്തിന്‍റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

ഇതെന്തൊരു കഷ്ടമാണ്! എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണെന്നും കുറിപ്പിൽ പറയുന്നു. ‘"ഉന്നതകുലജാതർ" ഒരു സർക്കാർ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കൈയാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണകാലത്തൊക്കെ ഇവിടത്തെ ദലിതർക്കും ആദിവാസികൾക്കുമൊക്കെ പിന്നെ സ്വർഗമായിരുന്നല്ലോ! ഈ "ഉന്നതകുലജാതർ" എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക?’ -ബൽറാം കുറിച്ചു.

മന്ത്രിയുടെ വകുപ്പിന് കീഴിൽ കേരളത്തിൽത്തന്നെ പട്ടികജാതി/വർഗക്കാർക്കായി നൂറോളം പെട്രോൾ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരിൽ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ എന്നും ബൽറാം ചോദിച്ചു.

ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാവണം. ആദിവാസി വകുപ്പ് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡൽഹി മയൂർവിഹാറിൽ ബി.ജെ.പി കേരള ഘടകം സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.

വി.ടി. ബൽറാമിന്‍റെ പോസ്റ്റിന്‍റെ പൂർണ രൂപം;

ഇതെന്തൊരു കഷ്ടമാണ്!

എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണ്ണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണ്!

"ഉന്നതകുലജാതർ" ഒരു സർക്കാർ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കയ്യാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണകാലത്തൊക്കെ ഇവിടത്തെ ദലിതർക്കും ആദിവാസികൾക്കുമൊക്കെ പിന്നെ സ്വർഗമായിരുന്നല്ലോ! ഈ "ഉന്നതകുലജാതർ" എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക? മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് ഇടപെടാവുന്ന ചില കാര്യങ്ങൾ Dhanya Ramanനേപ്പോലുള്ള ആക്ടിവിസ്റ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ വകുപ്പിന് കീഴിൽ കേരളത്തിൽത്തന്നെ പട്ടികജാതി/വർഗക്കാർക്കായി 100ഓളം പെട്രോൾ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരിൽ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും ബഹു. കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ? ഇദ്ദേഹം മന്ത്രിയായതിന് ശേഷം അനുവദിച്ചവയാണ് ഈ എല്ലാ പമ്പുകളും എന്ന് പറയുന്നില്ല, എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഇടപെടാൻ അധികാരമുള്ളത് സ്വയം "ഉന്നതകുലജാതനാ"യ ഇദ്ദേഹത്തിനാണ്. എന്തെങ്കിലും നടപടി ഉണ്ടാവുമോ?

Full View
Tags:    
News Summary - VT Balram against Suresh Gopi's controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.