പൂങ്കുന്നത്ത് മാത്രം ചേർത്തത് 281 വോട്ട്, തൃശൂരിൽ വ്യാപക ക്രമക്കേട് -വി.എസ്. സുനിൽകുമാർ

തൃശൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലും വ്യാപക ക്രമക്കേട് നടന്നതായും തെരഞ്ഞെടുപ്പ് കമീഷന്‍റെ ലഘൂകരിച്ച വ്യവസ്ഥകൾ മറ്റു മണ്ഡലങ്ങളിലുള്ളവരുടെ വോട്ടുകൾ തൃശൂർ പാർലമെന്‍റ് മണ്ഡലത്തിൽ ചേർക്കാൻ സഹായകമായതായും ഇടതുമുന്നണി സ്ഥാനാർഥിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി വോട്ട് തൃശൂരിലേക്ക് മാറ്റിയിരുന്നു. സുരേഷ് ഗോപിയുടെ അനുജന്‍റെയും ഡ്രൈവറുടെയും വോട്ടുകൾ അടക്കം ചേർത്തതായും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

പൂങ്കുന്നം 30ാം നമ്പർ ബൂത്തിൽ മാത്രം ഒറ്റത്തവണകൊണ്ട് 281 വോട്ടാണ് പുതുതായി ചേർത്തത്. പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും മറ്റും ഇത്തരത്തിൽ നിരവധി വോട്ടുകളാണ് ബി.ജെ.പി ചേർത്തത്. ആധാർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങിയവപോലെ തൃശൂരിലെ വിലാസത്തിൽ വന്ന ഒരു കത്തോ പകർപ്പോ സമർപ്പിച്ചാൽ ഒരാൾക്ക് വോട്ട് ചേർക്കാവുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയത്.

നിയമങ്ങൾപ്രകാരം പരാതിപ്പെടാനും സാധിക്കാത്ത സാഹചര്യമുണ്ട്. ഒരു ബൂത്തിൽ വോട്ടുയന്ത്രത്തിനെതിരെ പരാതിപ്പെടണമെങ്കിൽ 16,000 രൂപയും 18 ശതമാനം ജി.എസ്.ടിയും അടക്കണം. പരാതി ശരിയല്ലെങ്കിൽ ആറു മാസം തടവും ലഭിക്കും. ഈ സാഹചര്യത്തിൽ ആർക്കാണ് പരാതിപ്പെടാൻ സാധിക്കുകയെന്നും സുനിൽ കുമാർ ചോദിച്ചു. 

Tags:    
News Summary - vs sunilkumar against election commission and bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.