വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണം; സ്വന്തം വ്യാജപ്രസ്താവനകൾ തുറന്നുകാട്ടിയ മുഖ്യമന്ത്രിക്ക് നന്ദിയെന്നും കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രിയോടുള്ള നന്ദി അറിയിക്കുന്നതായും ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

കേരളത്തിന്റെ കടം ആറു ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കു സഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ചേർത്തിട്ടാണിതെന്നും കുറിപ്പിൽ പറയുന്നു.

ധവളപത്ര പ്രകാരം പല കണക്കുകളും വീർപ്പിച്ചു കാണിച്ചിട്ടും സർക്കാർ ജീവനക്കാർക്ക്‌ ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവക്കാണ് ചെലവാക്കുന്നത്. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ടെന്നും ധവളപത്രത്തിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണം

താൻ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി ഡി സതീശനോടുള്ള നന്ദി അറിയിക്കുന്നു.

കേരളത്തിന്റെ കടം 6 ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി "പ്രതിപക്ഷ നേതാവ് വി ഡി സതീശൻ" ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കു സഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. ഇന്ന് "മുഖ്യമന്ത്രി വി ഡി സതീശൻ" നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ചേർത്തിട്ടാണിത്.

ഇതു കൂടാതെ, സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, ആകെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം, പല കണക്കുകളും വീർപ്പിച്ചു കാണിച്ചിട്ടും സർക്കാർ ജീവനക്കാർക്ക്‌ ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണ്.

ധവളപത്രത്തിലൂടെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക്‌ വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം.

Full View
Tags:    
News Summary - V.D. Satheesan should apologize to Kerala -K.N. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.