തൃശൂർ: അന്യസംസ്ഥാന ടോറസ് ടിപ്പറുകൾ പെർമിറ്റും ടാക്സും മറ്റു രേഖകളുമില്ലാതെ സംസ്ഥാനത്ത് അനായാസം സർവിസ് നടത്തുന്നതായും അതിന് മോട്ടോർ വാഹന കുപ്പ് ഒത്താശ ചെയ്യുന്നതായും കേരള ടോറസ് ടിപ്പർ അസോസിയേഷൻ ആരോപിച്ചു.
മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ ഏഴ് മുതൽ സംസ്ഥാനത്ത് ടോറസ് ടിപ്പറുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൻ തുക നികുതി നൽകുന്ന സംസ്ഥാനത്തെ വാഹനങ്ങൾക്ക് വിവിധ നിയന്ത്രണങ്ങൾ മൂലം സർവിസ് നടത്താനാകുന്നില്ല. സർക്കാർ പ്രഖ്യാപിച്ച സ്കൂൾ സമയത്തിന് വിരുദ്ധമായി മോട്ടോർ വാഹന വകുപ്പ് തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ചരക്ക് കയറ്റുന്ന സ്ഥലങ്ങളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ പാലിക്കുന്നില്ല.
പിന്നീട് ഓവർലോഡ് എന്ന പേരിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്യുന്നതുമൂലം വാഹനം റോഡിലിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഡീസൽ വില വർധനമൂലം മേഖല വൻ പ്രതിസന്ധിയിലാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ, വൈസ് പ്രസിഡന്‍റ് എം.വി. ആന്‍റണി, ഷിജു കാലായിൽ, വി.എസ്. സുബീഷ്, എൽദോസ് വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.