കോഴിക്കോട്: തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ വോട്ടർ പട്ടിക അന്തിമമായി. ചൊവ്വാഴ്ച രാവിലെയോടെ തെരഞ്ഞെടുപ്പ് വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും ഫോറം നാലു പ്രകാരം പുതിയ വോട്ടിന് അപേക്ഷ നൽകിയതിൽ അഞ്ചുമുതൽ പത്തുശതമാനം വരെ അപേക്ഷകർ ഹിയറിങ്ങിന് എത്തിയില്ല. അപേക്ഷ നൽകിയതിലുള്ള പിശകുമൂലം ഇരട്ടിപ്പു വന്നതുൾപ്പെടെ കണക്കാക്കിയാണ് ഹിയറിങ് പൂർത്തിയാക്കാത്ത അപേക്ഷകരുടെ എണ്ണം.
അപേക്ഷയിൽ തെറ്റുതിരുത്താൻ പലതവണ ശ്രമിച്ചതാണ് ഇരട്ടിപ്പ് കൂടാൻ കാരണമായത്. ഇവ നിരസിച്ചു. ഓരോ വാർഡിലും 140 മുതൽ 180 വരെ വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. ഫോറം അഞ്ച് പ്രകാരം അപേക്ഷയുടെ മാന്വൽ കോപ്പി നൽകാത്തവരുടെ അപേക്ഷകളാണ് തള്ളിയതിൽ ഏറെയും. മരിച്ചവർ, സ്ഥലം മാറിയവർ എന്നിവരുടെ പട്ടിക അതത് തദ്ദേശസ്ഥാപനങ്ങൾ നേരത്തേ തയാറാക്കിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഏഴിനായിരുന്നു തീരുമാനിച്ചത്. ഹിയറിങ് 21 വരെയുമായിരുന്നു. എന്നാൽ, കുറച്ചു ദിവസം കൂടി അനുവദിക്കണമെന്ന രാഷ്ട്രീയപാർട്ടികളുടെ സമ്മർദംമൂലം അഞ്ചു ദിവസം കൂടി അനുവദിച്ച് ആഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അവസരം നൽകി.
ഓരോ വോട്ടറുടെയും ആധാർ കാർഡ്, റെസിഡൻസ് സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങി പല സർട്ടിഫിക്കറ്റുകളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസർമാരായ (ഇ.ആര്.ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഹിയറിങ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.