കൊച്ചി: സംസ്ഥാനത്തെ കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ ഭ്രമം തടയാൻ സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണിത്.
സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്. ഇതു മുൻനിർത്തി കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയ്നിന്‍റെ ലക്ഷ്യമെന്ന് എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൊറിയൻ സിനിമകളിലും സംഗീത ആൽബങ്ങളിലും ആകൃഷ്ടരായി കൊറിയൻ ഭാഷ പഠിക്കാനും അവിടെ ജോലി തേടി പോകാനുമൊക്കെയുള്ള ആഭിമുഖ്യം കേരളത്തിലെ കൗമാരക്കാരിൽ വർധിച്ചുവരികയാണ്. ഇതു മുതലെടുത്ത് ചതിക്കുഴികളൊരുക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സ്റ്റുഡന്‍റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് സ്കൂളുകളിലും കോളജുകളിലും കാമ്പയ്ൻ നടത്തുക. സൈബർ പൊലീസ് ഉൾപ്പെടുന്ന സംഘത്തെയും ഇതിനായി ഉപയോഗിക്കും.
ഇപ്പോൾ പരീക്ഷാക്കാലം ആയതിനാൽ അടുത്ത അധ്യയന വർഷം തുടങ്ങിയ ശേഷമാകും കാമ്പയ്ൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്നും റൂറൽ എസ്.പി വ്യക്തമാക്കി. അതേസമയം, ആദിത്യയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.