എരുമപ്പെട്ടി: ചിറമനേങ്ങാട് നെല്ലിക്കുന്നിൽ വീടിനുളളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഫോറൻസിക് വിഭാഗം എത്തി അസ്ഥികൂടം പരിശോധന നടത്തി. ചിറമനേങ്ങാട് നെല്ലിക്കുന്ന് പള്ളിക്കുളം റോഡിലെ പാടശേഖരത്തിന് സമീപത്തെ ആൾതാമസമില്ലാത്ത ഓട് മേഞ്ഞ വീട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
വീടിന് പുറകിലെ വർക്ക് ഏരിയയിലെ അടുപ്പ് നിന്നിരുന്ന തറയുടെ താഴെ ഭാഗത്തു നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. അടുപ്പ് തറ പൊളിച്ചപ്പോൾ നിലത്ത് അല്പം താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് തലയോട്ടിയും അസ്ഥികളും. അസ്ഥികളോടൊപ്പം ഉണ്ടായിരുന്ന തുണികൾ സ്ത്രീയുടെതാണ്.
മൂന്ന് വർഷം മുമ്പാണ് ഈ വീട്ടിൽ ആൾതാമസമുണ്ടായിരുന്നത്. ആലപ്പുഴയിൽനിന്നുള്ള സ്ത്രീകളടക്കമുള്ള ഒരു കുടുംബവും പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വീടുമായി നാട്ടിലുള്ളവർക്ക് അടുപ്പമുണ്ടായിരുന്നില്ല. അടഞ്ഞുകിടന്നിരുന്ന വീട് പഴയ ഉടമസ്ഥന്റെ കൈയിൽനിന്ന് രണ്ടുവർഷം മുമ്പാണ് മറ്റൊരാൾ വാങ്ങിയത്. വീടിന്റെ അറ്റകുറ്റപ്പണികൾ രണ്ടു ദിവസം മുമ്പാണ് ആരംഭിച്ചത്.
കുന്നംകുളം എ.സി.പി സി.ആർ. സന്തോഷ്, എരുമപ്പെട്ടി ഇൻസ്പെക്ടർ എസ്. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സയൻറിഫിക് ഓഫീസർ കെ.എസ് ഷംന, അസിസ്റ്റന്റ് തോമസ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.