ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷൻ ശിപാര്‍ശയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്കൗള്‍. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കും. ആധാര്‍ വിവരങ്ങള്‍ പൊതുസമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തില്‍ വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടിക ആധാറുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ www.nvsp.in വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെൽപലൈന്‍ ആപ് (വി.എച്ച്.എ) മുഖേനയോ ഫാറം 6Bയില്‍ അപേക്ഷ സമര്‍പ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് േഫാറം ആറിലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

17 സ്സേ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എല്ലാവര്‍ഷവും ജനുവരി ഒന്ന് യോഗ്യത തീയതിയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍, ഇനിമുതല്‍ ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാല് യോഗ്യത തീയതികളിലും 18 വയസ്സ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

18 തികയുന്ന സമയം അവർ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കും. ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന മൂന്ന് യോഗ്യത തീയതികളില്‍ 18 പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം.

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമം

തിരുവനന്തപുരം: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും

ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമം താഴെപറയും പ്രകാരമാണ്.

⊿https://play.google.com/store/apps/details?id=com.eci.citizen&hl=en ലിങ്ക് ഉപയോഗിച്ച് 'Voter Helpline App' എന്ന ആപ്

ആൻഡ്രോയ്ഡ് ഫോണിൽ ഡൗൺലോഡ് ചെയ്യുക.

⊿Voter registration എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും

അവസാന ഓപ്ഷനായ Electoral Authentication Form (Form 6B )

എന്നതിൽ അമർത്തുക.

⊿Let's start എന്ന ഓപ്ഷൻ അമർത്തുക.

⊿ഒ.ടി.പി ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ് ചെയ്യുക,

ശേഷം 'verify'എന്ന ഓപ്ഷൻ അമർത്തുക.

⊿'Yes ,I have voter ID card number'എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത്

Next അമർത്തുക.

⊿വോട്ടർ ഐ.ഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി 'Fetch Details'

എന്ന ഓപ്ഷനിൽ അമർത്തുക.

⊿നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയത്തിനുശേഷം

'Proceed' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

⊿നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന

ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.

⊿സ്ക്രീനിൽ കാണിക്കുന്ന റെഫറൻസ് ഐ.ഡി സൂക്ഷിച്ചുവെക്കുക.

രാഷ്ട്രീയ പാർട്ടികൾക്ക്എതിർപ്പ്

തിരുവനന്തപുരം: ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ എതിർപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. ഭരണപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. ആധാർ വിവരങ്ങൾ ചോരാനുള്ള സാധ്യതയാണ് അവർ ചൂണ്ടിക്കാട്ടിയത്. വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാര്‍ശയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്കൗള്‍ വിശദീകരിച്ചെങ്കിലും അതിൽ പാർട്ടികൾ വിശ്വാസം പ്രകടിപ്പിച്ചില്ല. വോട്ടര്‍ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു അവർ ഈ നിലപാടെടുത്തത്.

ഇരട്ടവോട്ട്, കള്ളവോട്ട് എന്നിവ ഒഴിവാക്കുന്നതിനായാണ് ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഓഫിസർ വിശദീകരിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഇരട്ടവോട്ട് എന്ന വിവാദത്തിന് പരിഹാരമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടർപട്ടിക ഇരട്ടിക്കലുമായി ബന്ധപ്പെട്ട വിവാദം യഥാർഥത്തിൽ സാങ്കേതിക പിഴവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതിന് പരിഹാരം കണ്ടിട്ടുണ്ട്. വോട്ടര്‍മാര്‍ ആധാർ വിവരങ്ങൾ കൈമാറുമ്പോൾ വിവരങ്ങൾ ചോരുമെന്ന ആശങ്ക അസ്ഥാനത്താണ്. ആധാറിലെ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ആധാറിലെ വിവരങ്ങൾ പ്രദർശിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു. ആധാറും വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതോടെ കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യം ഒഴിവാകുമെന്നതിനാലാണ് പാർട്ടികൾ എതിർക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

Tags:    
News Summary - Voter id Aadhar card linking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.