തിരുവനന്തപുരം: ആവർത്തിച്ച് വർഗീയ പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയതിൽ വിശദീകരണവുമായി മന്ത്രി വി.എൻ. വാസവൻ. താൻ പങ്കെടുത്ത സമയത്തല്ല വേദിയിൽ വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശമുണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ഞാൻ പങ്കെടുത്ത സമയത്തല്ല വേദിയിൽ വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശമുണ്ടായത്. സി.പി.എം നേതൃത്വം വ്യക്തമായി നിലപാട് പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷ നിലപാടാണ് സമൂഹത്തിന് ആവശ്യം.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും മലപ്പുറം ജില്ലക്കുമെതിരെ വർഗീയ പരാമർശം നടത്തുകയും ഇതിനെതിരെ വിവിധ കോണുകളിൽനിന്ന വിമർശനങ്ങൾ ശക്തമാകുകയും ചെയ്യുന്നതിനിടയിലാണ് വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവൻ രംഗത്തുവന്നത്. കൊച്ചിയിൽ വെള്ളാപ്പള്ളിയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഇത്. നിർഭയനായി അഭിപ്രായം രേഖപ്പെടുത്തുന്നതാണ് വെള്ളാപ്പള്ളിയുടെ വലിയ പ്രത്യേകതയെന്നും മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്‍റെ ജനറൽ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
പരിപാടിയിൽ പങ്കെടുത്ത ഹൈബി ഈഡനും കെ. ബാബുവും വെള്ളാപ്പള്ളിയെ പുകഴ്ത്തിയിരുന്നു.
സമുദായത്തിന്‍റെ സമസ്ത മേഖലയിലെ ഉയർച്ചക്കും കാരണഭൂതനായത് വെള്ളാപ്പള്ളിയാണെന്നാണ് ഹൈബി ഈഡൻ എം.പി പറഞ്ഞത്. ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സമുദായ നേതാവാണ് വെള്ളാപ്പള്ളിയെന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന് എസ്.എൻ.ഡി.പി യോഗത്തിന് ഒരു നിലയും വിലയുമൊക്കെ ഉണ്ടാക്കിയത് വെള്ളാപ്പള്ളി നടേശനാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു എം.എൽ.എയും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.