തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാർ തീരുമാനത്തിനെതിരെ തുറന്ന കത്ത് അയക്കുന്ന വി.എം. സുധീരൻ ഈ സർക്കാരിന്റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ തെറ്റ് എന്താണെന്നും പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തയച്ചു. കത്തിന്റെ പകർപ്പ് അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.
മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങൾ വെള്ളാപ്പള്ളി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ വൈകരുതെന്നും സുധീരൻ കത്തിലൂടെ പറയുന്നു. നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികൾക്ക് മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് എന്ന ബജറ്റ് നിർദേശങ്ങൾക്കെതിരെയും വി.എം. സുധീരൻ വിമർശനം ഉന്നയിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം. സുധീരൻ കത്തയച്ചു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദേശവുമായി സർക്കാർ മുന്നോട്ട് പോകരുതെന്നും കരിമണൽ ഖനനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിർദേശവും പിൻവലിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.എം. സുധീരൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ കത്തിന്റെ പകർപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.