സമൃദ്ധിയുടെ വിഷു; പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി

ബംഗളൂരു: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി മലയാളികൾക്ക് ഇന്ന് വിഷു ആഘോഷം. യേശുക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയും ഇതേ ദിനമാണ്. വിശ്വാസങ്ങൾക്കിടയിൽ വേലിക്കെട്ടുകളില്ലാതെ വളർന്ന മലയാളിയുടെ മനസ്സിൽ ഓരോ ആഘോഷത്തിനും ആചരണത്തിനും അതിന്‍റേതായ സ്ഥാനമുണ്ടെന്ന വിളംബരംകൂടിയാവുകയാണ് ഇന്നേദിനത്തിലെ രണ്ടു വ്യത്യസ്ത ചടങ്ങുകൾ.

കോവിഡ് കവർന്ന രണ്ടു വിഷുക്കാലത്തിന് ശേഷം വീണ്ടും ആഘോഷമെത്തുമ്പോൾ പൂർണ തോതിൽ വരവേൽക്കുകയാണ് പ്രവാസി മലയാളികളും. മിക്കവരും ദിവസങ്ങൾക്കു മുമ്പെ നാട്ടിലേക്ക് വണ്ടി കയറിക്കഴിഞ്ഞു. ബസുകളിലും ട്രെയിനുകളിലും ടിക്കറ്റുകൾ നേരത്തെ വിറ്റു തീർന്നു. സ്പെഷ്യൽ ബസുകളിലും തിരക്കേറി. ബംഗളൂരുവിൽനിന്നുള്ള യാത്രക്കാർക്കായി ഇത്തവണ സ്ലീപ്പർ ബസുകളൊരുക്കി കേരള ആർ.ടി.സിയും വിഷു ആഘോഷം ഗംഭീരമാക്കി.

ബംഗളൂരു, മൈസൂരു, മാണ്ഡ്യ തുടങ്ങി മിക്കയിടങ്ങളിലും മലയാളികൾക്കായി വിഷുവിപണി ഒരുക്കിയിരുന്നു. കണിവെള്ളരിയും കൊന്നപ്പൂവും പച്ചക്കറികളും വിപണിയിലെത്തി. മൈസൂരു കേരള സമാജത്തിന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച സൗജന്യമായി കൊന്നപ്പൂക്കൾ വിതരണം ചെയ്തു. സമാജത്തിന്‍റെ സാംസ്കാരിക കേന്ദ്രത്തിൽ വൈകീട്ട് നടന്ന പൂ വിതരണത്തിൽ നിരവധി പേർ പങ്കാളികളായി.

വിവിധ ക്ഷേത്രങ്ങളിൽ വെള്ളിയാഴ്ച വിഷുവിനോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടന്നു. ആനേപ്പാളയ അയ്യപ്പ ക്ഷേത്രത്തിൽ പുലർച്ച 5.30ന് ഗണപതി ഹോമത്തിന് ശേഷം 5.50ന് വിഷുക്കണിയൊരുക്കി. രാവിലെ ആറു മുതൽ വിഷുക്കൈനീട്ട വിതരണവുമുണ്ടായിരുന്നു. വൈകീട്ട് വിശേഷാൽ പൂജകളും പ്രസാദ വിതരണവും ഉണ്ടാകും. ക്ഷേത്രം മേൽശാന്തി ഷിജിൽ പോറ്റി പൂജകൾക്ക് നേതൃത്വം വഹിക്കും.

എച്ച്.എ.എൽ അയ്യപ്പ ക്ഷേത്രത്തിൽ പുലർച്ച 4.30ന് വിഷുക്കണിയൊരുക്കി. വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം വിതരണം എന്നിവയുമുണ്ടായിരുന്നു. ജാലഹള്ളി അയ്യപ്പക്ഷേത്രത്ണ്‍ലും പുലർച്ച 4.30നാണ് വിഷുക്കണിയൊരുക്കിയത്. വിജനപുര അയ്യപ്പക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഷുക്കൈനീട്ട വിതരണം, ഭാഗവത പാരായണം, ഗീതാ ക്ലാസ്, ആധ്യാത്മിക പ്രഭാഷണം എന്നിവയുണ്ടായിരുന്നു.

ക്രിസ്ത്യൻ ദേവാലയങ്ങളിൽ വ്യാഴാഴ്ച ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചടങ്ങിന്‍റെ ഓർമയിൽ പെസഹ ചടങ്ങുകൾ നടന്നു. കുരിശുംവഹിച്ചുള്ള ക്രിസ്തുവിന്‍റെ യാത്രയുടെയും കുരിശുമരണത്തിന്‍റെയും ഓർമയിൽ ഇന്ന് ദുഃഖവെള്ളി ദിനം ആചരിക്കും. ഉയിർപ്പ് ശുശ്രൂഷകൾക്ക് ശനിയാഴ്ച രാത്രിയോടെ തുടക്കമാവും. ഞായറാഴ്ച ഈസ്റ്റർ ആഘോഷം.

ബംഗളൂരു വിജയനഗർ മേരിമാത ഇടവകയിൽ വിശുദ്ധവാരത്തിന് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് ആറിന് പെസഹാ തിരുകർമങ്ങൾ നടന്നു. ഫാ. സെബാസ്റ്റ്യൻ പൊന്നാറ്റിൽ, ഫാ. ട്യുബി കുന്നത്ത് എന്നിവർ കാർമികത്വം വഹിച്ചു. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയുമുണ്ടായി. ദുഃഖവെള്ളി ദിനമായ ഇന്ന് പീഡാനുഭവ ചരിത്രസ്മരണ, ദുഃഖവെള്ളി സന്ദേശം, കുരിശിന്‍റെ വഴി, ക്രൂശിതരൂപം ചുംബിക്കൽ, പുത്തൻപാന പാരായണം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ ഏഴിന് കുർബാന, പുതിയ തിരി, വെള്ളം വെഞ്ചെരിപ്പ് എന്നിവ നടക്കും. രാത്രി എട്ടിന് ഉയിർപ്പ് തിരുനാൾ തിരുകർമങ്ങൾ ആരംഭിക്കും. തുടർന്ന് ഫാ. സെബാസ്റ്റ്യൻ പൊന്നാറ്റിൽ, ഫാ. ട്യുബി കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ കുർബാന നടക്കും. ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് കുർബാനയുണ്ടാകും.

ഹൊസൂർ റോഡ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ, കെ.ആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് ചർച്ച്, മൈസൂരു സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, വിജയനഗർ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, തുമകൂരു സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഹെബ്ബാൾ കെംപാപുര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഗദലഹള്ളി മാർ തിമോത്തിയൂസ് അസീറിയൻ ചർച്ച്, മൈസൂരു ഹിൻകൽ ഇൻഫന്‍റ് ജീസസ് കത്തീഡ്രൽ, ധർമാരാം സെന്‍റ് തോമസ് ഫൊറോന പള്ളി, മൈസൂരു മൗണ്ട് കാർമൽ ചർച്ച്, ലിംഗരാജപുരം സെന്‍റ് ഫ്രാൻസിസ് അസീസി പള്ളി തുടങ്ങിയയിടങ്ങളിൽ ചടങ്ങുകൾ നടക്കും.

Tags:    
News Summary - Vishu, Good Friday celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.