തിരുവനന്തപുരം: കെ.എസ്.യു നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. വിഷയം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. വിഷയം വിശദമായി പരിശോധിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാൻ വൻ മുന്നേറ്റമാണ്. ജനം ഏറ്റെടുത്തു. നേരത്തെ ജനം ലഹരി മാഫിയയെ ഭയന്നിരുന്നുവെങ്കിൽ ഇന്ന് മാഫിയ ജനങ്ങളെ പേടിക്കുന്ന അവസ്ഥവന്നു. ലഹരി പൂർണ്ണമായി തുടച്ചുനീക്കുന്നതുവരെ ഓപ്പറേഷൻ തുടരും. ഡോക്ടർമാരുടെ കുറിപ്പില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുപരിപാടിയിൽ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാതെ പോയ സംഭവം ശ്രദ്ധേയമായിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്.എഫ്.ഐ-എ.ബി.വി.പി നേതാക്കളെ നിയമിച്ചെന്ന കെ.എസ്.യുവിന്റെ പരാതി മുഖ്യമന്ത്രി തള്ളിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും കടുത്ത അമർഷമാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. കെ.എസ്.യു എക്കാലത്തും തിരുത്തൽ ശക്തിയാണെന്നും മുഖ്യമന്ത്രിയും കെ.എസ്.യുവിലൂടെ വന്നയാളാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞിരുന്നു.
ജനങ്ങളോടുള്ള ഉത്തരവാദിത്തം പാലിക്കാൻ സർക്കാർ ബാധ്യസ്ഥമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എയും വ്യക്തമാക്കിയിരുന്നു. വിവാദം കൊഴുക്കുന്നതിനിടെ പരസ്യ പ്രതികരണം നിയന്ത്രിക്കാനാണ് കെ.പി.സി.സി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.