‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷത്തിൽ അതിക്രമം; ബജ്റങ് ദൾ നേതാവടക്കം 25 പേർക്കെതിരെ കേസ്

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം തടസ്സപ്പെടുത്തുകയും പങ്കെടുത്ത മുസ്​ലിംകളായ യുവാക്കളടക്കമുള്ളവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബജ്റങ് ദൾ നേതാവ് ഋഷഭ് താക്കൂർ അടക്കം കണ്ടാലറിയുന്ന 25 പേർക്കെതിരെയാണ് ബറേലി പൊലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മർദിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ശനിയാഴ്ച രാത്രി പ്രേംനഗർ പ്രദേശത്തെ റസ്റ്റാറന്റിൽ ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിങ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ബജ്റങ് ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതിൽ രണ്ട് യുവാക്കൾ മുസ്‍ലിംകളായിരുന്നു.

ഹിന്ദു സ്ത്രീയോടൊപ്പം മുസ്‍ലിം യുവാക്കൾ ഒരുമിച്ചത് അറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവർത്തകർ ആ​ഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ‘ലവ് ജിഹാദ്’ ആരോപിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പ്രേംനഗർ പൊലീസ് വിദ്യാർഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഒരു മുസ്‍ലിം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പിടികൂടി. ക്രമസമാധാനം തകർത്തതിന് കേസെടുത്ത് മുസ്‍ലിം യുവാക്കൾക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പൊലീസ് പിഴ ചുമത്തി.

സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. ഇതേതുടർന്നാണ് കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്.


Tags:    
News Summary - Violence at birthday party on charges of 'love jihad'; Case filed against 25 people including Bajrang Dal leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.