തിരുവനന്തപുരം: നഗരമധ്യത്തിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. കോർപറേഷൻ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്തിയ ഒരു സ്ത്രീയുൾപ്പെടെയുള്ള നാലംഗ സംഘമാണ് കൃത്യം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്ളാറ്റിലെത്തിയത്. സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മോഷണം നടക്കുമ്പോൾ വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഘത്തിലെ രണ്ടുപേർ മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ചോദിച്ചു. കഴുത്തിൽ തിരിച്ചറിയൽ കാർഡുകൾ തൂക്കി കോർപ്പറേഷൻ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് രണ്ടുപേർ വാതിൽക്കൽ എത്തിയത്. വീട്ടുടമസ്ഥന്റെ ഫോൺ നമ്പർ ചോദിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവർ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
വയോധികയെ ആക്രമിച്ച് തള്ളിയിട്ട ശേഷം കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ സംഘം കവർന്നു. മകൻ ജോലിക്ക് പോയ നേരത്ത് വയോധിക തനിച്ചാണെന്ന് മനസിലാക്കിയായിരുന്നു മോഷണം.
ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാല് വർഷമായി ഇവിടെയാണ് താമസം. തുടർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി സംഘം കടന്നുകളയുകയായിരുന്നുവെന്ന് വയോധികയുടെ മകൻ വിഷ്ണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.