വെല്ലുവിളി ഏറ്റെടുത്ത് കെ. മുരളീധരൻ പഴയ തട്ടകമായ വട്ടിയൂർക്കാവിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബി.ജെ.പിയെ പേടിച്ച് പ‍ഴയ തട്ടകം വിടേണ്ടെന്ന തീരുമാനത്തിലേക്ക് മുരളീധരൻ എത്തിയെന്നാണ് വിവരം. വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാകാൻ ഒരുക്കമാണെന്ന് കെ.പി.സി.സി നേതൃത്വത്തെ മുരളീധരൻ അറിയിച്ചെന്നാണ് വിവരം.

വട്ടിയൂർക്കാവ് ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സ്ഥാനാർഥി മുരളീധരനാണെന്ന വിലയിരുത്തലിലാണ് കെ.പി.സി.സിയുടെയും കനഗോലുവിന്‍റെയും റിപ്പോർട്ടിലുള്ളത്. മുരളീധരൻ കൂടി കളത്തിൽ ഇറങ്ങുന്നതോടെ വട്ടിയൂർക്കാവിൽ പോരാട്ടം തീപാറും.

കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം സെൻട്രൽ അടക്കം പത്തിലേറെ മണ്ഡലങ്ങളിലേക്ക് മുരളീധരനെ ഡി.സി.സികളും ഘടകകക്ഷികളും പരിഗണിച്ചിരുന്നു. സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി മണ്ഡലത്തിൽ സജീവമാണ്. നടൻ കൃഷ്ണകുമാർ അടക്കമുള്ളവരുടെ പേരുകൾ ബി.ജെ.പിയുടെ പരിഗണനയിലുണ്ട്.

യു.ഡി.എഫ് വിജയിച്ചിട്ടുള്ള തിരുവനന്തപുരം നോർത്ത് എന്ന മണ്ഡലമാണ് പിന്നീട് വട്ടിയൂർക്കാവായി മാറിയത്. 2011ൽ കെ. മുരളീധരൻ സി.പി.എം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിനെയാണ് 16,000 വോട്ടിന് പരാജയപ്പെടുത്തുന്നത്. 2016ൽ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെ ഏഴായിരത്തിലധികം വോട്ട് മുരളീധരൻ തന്നെ തോൽപിച്ചു. കുമ്മനത്തിന്‍റെ മികച്ച പ്രകടനത്തിൽ വട്ടിയൂർക്കാവ് ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായി മാറി.

അടുത്ത തെരഞ്ഞെടുപ്പിൽ നേമത്ത് വി. ശിവൻകുട്ടിയുടെ വിജയത്തിനും കുമ്മനത്തിന്‍റെ കനത്ത പരാജയത്തിനും കെ. മുരളീധരന്‍റെ സ്ഥാനാർഥിത്വം കാരണമായി. ഇതോടെ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും കണ്ണിലെ കരടായി മുരളീധരൻ മാറി. കൂടാതെ, ഏത് മണ്ഡലത്തിൽ നിന്നാലും മുരളീധരന്‍റെ തോൽപിക്കുമെന്ന് തീരുമാനത്തിലായിരുന്നു ബി.ജെ.പിയും ആർ.എസ്.എസും.

അതേസമയം, മുരളീധരനോടുള്ള പഴയ ശത്രുത ബി.ജെ.പിക്കും ആർ.എസ്.എസിനും ഇപ്പോഴില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ഭരണം പിടിക്കാൻ ഒരു കാരണം മുരളീധരന്‍റെ സാന്നിധ്യമാണ്. മുരളീധരന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ മുന്നേറ്റമാണ് കോർപറേഷനിൽ സീറ്റ് ഇരട്ടിയായി വർധിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചത്.

സി.പി.എമ്മും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടിയ പല വാർഡുകളിൽ വിജയം കോൺഗ്രസിനായിരുന്നു. ഇതോടെ, സീറ്റുകളിൽ പിന്നാക്കം പോയ സി.പി.എം ഭരണം പിടിക്കാൻ സാധിക്കാതെ പുറത്താവുകയും ബി.ജെ.പി ആദ്യമായി കോർപറേഷൻ പിടിക്കുകയും ചെയ്തു.

Tags:    
News Summary - Taking up the challenge, K. Muraleedharan heads to Vattiyoorkavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.