വാടാനപ്പള്ളി: പൊലീസ് മർദനത്തെത്തുടർന്ന് ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണെൻറ മകൻ വിനായകൻ ആത്മഹത്യ ചെയ്തിട്ട് ബുധനാഴ്ച ഒരു വർഷം പിന്നിടുന്നു. സർക്കാർ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല നിത്യവൃത്തിക്ക്പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം.
വിനായകനും സുഹൃത്ത് ശരത്തും ബൈക്കിൽ പോകുന്നതിനിടെ കണ്ട പരിചയക്കാരിയോട് സംസാരിച്ച് നിൽക്കുേമ്പാഴാണ് ഇതുവഴി ബൈക്കിൽ വന്ന പാവറട്ടി സ്റ്റേഷനിലെ പൊലീസുകാർ ഇരുവരെയും സ്റ്റേഷനിൽ കൊണ്ടുപോയത്. സ്റ്റേഷനിൽ വെച്ച് വിനായകെൻറ തലമുടി പിഴുതെടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. വൈകീട്ട് പിതാവ് കൃഷ്ണൻ എത്തിയാണ് സ്റ്റേഷനിൽ നിന്ന് വിനായകനേയും ശരത്തിനേയും കൂട്ടിക്കൊണ്ടുപോയത്. വിനായകെൻറ ശരീരം മുഴുവനും വേദനയിലായിരുന്നു. പിറ്റേന്ന് രാവിലെയാണ് വിനയാകൻ തൂങ്ങിമരിച്ചത്.
സംഭവ ശേഷം സി.ബി.െഎ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. തുടർ അന്വേഷണവും നടന്നില്ല. വിനായകനെ മർദിച്ച പൊലീസുകാർ സസ്പെൻഷന് ശേഷം സർവിസിൽ തിരിച്ചുകയറി.ചേറ്റുവ ഹാർബറിലെ തൊഴിലാളിയായ പിതാവ് കൃഷ്ണന് ട്രോളിങ് നിരോധനത്തെത്തുടർന്ന് ആഴ്ചകളായി പണിയില്ല. മൂത്തമകൻ ഇലക്ട്രീഷ്യനായ വിഷ്ണുവിനും പണിയില്ലെന്ന് കൃഷ്ണൻ പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല നൽകിയ അഞ്ച് ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് ആശ്വാസമായത്. വിനായകെൻറ കുടുംബത്തോട് നീതികാണിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ‘വിനായകൻ ഒാർമദിനം’ സംഘടിപ്പിക്കുന്നുണ്ട്. ഏങ്ങണ്ടിയൂർ തുഷാര സെൻററിനടുത്തുള്ള വീട്ടുപരിസരത്താണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.