പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്​റ്റിലായ വിജിത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്​ കുടുംബം

കൽപറ്റ: മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിച്ച് പുറത്തുകൊണ്ടുവരാനാകുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്​റ്റിലായ വിജിത് വിജയ​െൻറ കുടുംബം. പല തവണ എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികൾ മകനെ ചോദ്യം ചെയ്തിട്ടും ഒരു തെളിവും കിട്ടിയിരുന്നില്ല. കേസിൽ നേരത്തേ അറസ്​റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോവാദി അനുകൂല ലഘുലേഖകൾ നൽകിയത് വിജിത്താണെന്ന് ഇവരുടെ മൊഴിയുണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

ലഘുലേഖകൾ നൽകിയെന്ന എൻ.ഐ.എ വാദം ശരിയല്ല. വ്യാഴാഴ്ച കൽപറ്റ റസ്​റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിത്തിന്‍റെ അറസ്​റ്റ് എൻ.ഐ.എ സംഘം രേഖപ്പെടുത്തിയത്. കേസിനെ നിയമപരമായി നേരിടുമെന്നും സത്യം പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും പിതാവ് വിജയൻ പറഞ്ഞു.

നാലുവർഷം മുമ്പ് കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയതാണ് വിജിത്. കുറച്ചുകാലം കോളജിൽനിന്ന് സെമസ്​റ്റർ നഷ്​ടപ്പെട്ടവർക്ക് ട്യൂഷനെടുത്തു. തുടർന്ന് ഏതാനും സുഹൃത്തുക്കൾക്കൊപ്പം ചെറുകുളത്തൂരിൽ ട്യൂഷൻ സെൻറർ നടത്തിവരുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സെൻറർ അടച്ചുപൂട്ടി നാട്ടിലേക്കെത്തി.

പഠനസമയത്ത് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറും തേഞ്ഞിപ്പലം എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കേസിൽ നാലാം പ്രതിയായാണ് വിജിതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്​. കഴിഞ്ഞവർഷം ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസം കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. പിന്നാലെ ജൂലൈയിൽ തുടർച്ചയായി ആറുദിവസം ചോദ്യംചെയ്തു. അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി മാറിയതിനെ തുടർന്ന് ഒക്ടോബറിൽ ഒരു ദിവസം കോഴിക്കോട്ടേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. സുഹൃത്തിന്‍റെ റിസോർട്ട് നോക്കിനടത്തി 10 മാസത്തോളമായി വയനാട്ടിൽ തന്നെയാണ് വിജിത്. ഇതിനിടെയാണ് എൻ.ഐ.എ സംഘം മകനെ കൽപറ്റ റസ്​റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി അറസ്​റ്റ് രേഖപ്പെടുത്തുന്നതെന്നും കുടുംബം പറഞ്ഞു.

കൽപറ്റ വെങ്ങപ്പള്ളി‍യിലെ വിജയൻ-ചന്ദ്രമതി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് വിജിത്. സഹോദരൻ ജിതിൻ അഭിഭാഷക വിദ്യാർഥിയാണ്. ജില്ല മൃഗസംരക്ഷണ ഓഫിസിലെ ക്ലർക്കായ വിജയൻ ഈമാസം 30ന് വിരമിക്കാനിരിക്കുകയാണ്.

FRIWDG1

വിജിത്തിെൻറ മാതാവ് ചന്ദ്രമതി

FRIWDG2 VIJITH

വിജിത് വിജയൻ  

Tags:    
News Summary - vijith is innocent, says family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.