വിജയരാഘവന്‍റെ നിലവാരമല്ല മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്, വർഗീയാഗ്നി കൊളുത്തരുതെന്ന് സമസ്‍ത

കോഴിക്കോട്: വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമസ്‍ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിൽ സംഘപരിവാർ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നുമാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്‍റെ എഡിറ്റോറിയൽ വിമർശിക്കുന്നത്. യു.ഡി.എഫിന്‍റെ തലപ്പത്ത് മുസ്‍ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.

ഇടക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടിയേരി ബാലകൃഷണന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സി.പി.എം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമർശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.

ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്‍ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം ഓർക്കണം. സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കില്‍ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്?

ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയില്‍ സി.പി.എം മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തില്‍ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെളിച്ചമാകരുതെന്നാണ്. കേരളം വര്‍ഗീയാഗ്നിയില്‍ കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണമെന്നും സുപ്രഭാതം ഓർപ്പെടുത്തുന്നു. 

Tags:    
News Summary - Vijayaraghavan's quality is not what is expected from the Chief Minister, says Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.