വിജിലന്‍സ് നടപടികളില്‍ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് വകുപ്പിന് കോടതികളില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടികളുണ്ടാകുന്ന സാഹചര്യത്തില്‍ നടപടികളില്‍ ജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച ഹൈകോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ വിളിച്ച അടിയന്തരയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറും സര്‍ക്കാര്‍ അഭിഭാഷകനും ഹൈകോടതിയില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായി. വിജിലന്‍സ് ആസ്ഥാനത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസില്‍ നിന്നുണ്ടായ ആശയവിനിമയത്തിലെ പിഴവാണ് പ്രശ്നകാരണമെന്ന് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
ഇരട്ട സത്യവാങ്മൂലം സമര്‍പ്പിച്ചത് മാണിക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

വിഷയം നിയമസഭയില്‍ വിവാദമാകാനും സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗംവിളിച്ചത്. അതേസമയം, ശങ്കര്‍ റെഡ്ഡി കേസിലുള്‍പ്പെടെ കോടതിയില്‍നിന്നുണ്ടായ പ്രതികൂല പരാമര്‍ശങ്ങള്‍ വിജിലന്‍സിന്‍െറ വിശ്വാസ്യതക്കും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്കും കോട്ടമായെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന എസ്.പി ആര്‍. സുകേശന്‍െറ കേസ് ഡയറിയും യോഗത്തില്‍ ചര്‍ച്ചയായി. അഴിമതിവിരുദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, നിയമോപദേശങ്ങള്‍ തേടുന്നതിലും അവ നടപ്പാക്കുന്നതിലും കൃത്യതപാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടെ ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.