പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞി​നെ ചോദ്യം ചെയ്​തു

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ​ മൂന്നു ​മണിക്കൂർ ചോദ്യം ചെയ്​തു. ആരോപണങ്ങൾ നിഷേധിച്ചതിനാൽ കൂടുതൽ തെളിവ്​ ഹാജരാക്കി വീണ്ടും ചോദ്യം ചെയ്യ ും. ചോദ്യം ചെയ്യാനായി ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന്‌ നിർദേശിച്ചാണ്‌ വിട്ടയച്ചത്‌.

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്​ ചെയ്യുന്നതുൾപ്പെടെ അന്വേഷണത്തിന്​ ഗവർണർ അനുമതി നൽകിയതിനെ തുടർന്നാണ്​ നിയമസഭ സമ്മേളനത്തിന്​ ശേഷം ചോദ്യം ചെയ്യാൻ വിജിലൻസ്​ തീരുമാനിച്ചത്​. ശനിയാഴ്​ച രാവിലെ 11 മ​ുതൽ പൂജപ്പുരയിലെ വിജിലൻസ്​ സ്​പെഷൽ യൂനിറ്റ്​ ഒാഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

രാവിലെ ചോദ്യം ചെയ്യലിന്​ ഹാജരായ ഇബ്രാഹിംകുഞ്ഞ്​ അന്വേഷണവുമായി സഹകരിക്കുമെന്നാണ്​ മാധ്യമങ്ങളോട്​ പറഞ്ഞത്​. പുറത്തിറങ്ങിയപ്പോൾ, പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും പ്രതികരിച്ചു. എസ്‌.പി വിനോദ്‌കുമാർ, ഡി.വൈ.എസ്.പി. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യാവലി തയാറാക്കിയുള്ള ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട്​ വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ച വിശദാംശങ്ങള്‍ ചോദിച്ചതായാണ് വിവരം.

കരാറുകാരായ ആർ.ഡി.എസ്​. കമ്പനിക്ക്​ ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്നാണ്​ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ ഉത്തരവിനെ തുടർന്നെന്നാണ് വിജിലന്‍സ് നിഗമനം. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്കോ മുന്‍ എം.ഡി സുമിത് ഗോയല്‍, നിര്‍മാണ കമ്പനിയായ ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരെ നേരത്തേ വിജിലൻസ്​ അറസ്​റ്റ്​ ചെയ്തിരുന്നു. ഇവരുടെ ​മൊഴിയുടെ കൂടി അടിസ്​ഥാനത്തിലാണ്​ ഇബ്രാഹിംകുഞ്ഞി​നെതിരായ നടപടി.

Tags:    
News Summary - vigilance questions ibrahim kunju-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.