തിരുവനന്തപുരം: 'ഓപറേഷൻ സ്പോട്ട് ട്രാപ്പി'ന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ പിടിയിലായിട്ടുണ്ട്. അഴിമതിക്കാരായ ചില കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിജിലൻസ് ചരിത്രത്തില്‍ മൂന്നു മാസത്തിനുള്ളില്‍ ഇത്രയധികം ട്രാപ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്. മാര്‍ച്ചില്‍ മാത്രം എട്ട് കേസുകളിലായി 14 പേരെയാണ് വിജിലന്‍സ് പിടികൂടിയത്. ജനുവരിയില്‍ എട്ടു കേസുകളിലായി ഒമ്പതുപേരെയും ഫെബ്രുവരിയില്‍ ഒമ്പതു കേസുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ 14 പേർ റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളില്‍ നിന്ന് നാല് വീതം ഉദ്യോഗസ്ഥരും വനം വകുപ്പില്‍ നിന്ന് രണ്ടുപേരും വാട്ടര്‍ അതോറിറ്റി, മോട്ടോര്‍ വാഹനം, രജിസ്ട്രേഷന്, എന്നീ വകുപ്പുകളില്‍ നിന്ന് ഓരോരുത്തര് വീതവും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്. ഇതുകൂടാതെ, നാല് ഏജന്റുമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാലുപേരെയും വിജിലന്‍സ് അറസ്റ്റ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.