തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ (85) മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൂജപ്പുര ജയിലുദ്യോഗസ്ഥരെത്തി ശനിയാഴ്ച വൈകീട്ട് 3.15ഓടെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. പിന്നാലെ ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽ ജയിൽ അധികൃതരുടെ മേൽനോട്ടത്തിൽ ചികിത്സ പുരോഗമിക്കും.
സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ചികിത്സ മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് നിർദേശം നൽകിയിരുന്നു. കേസില്‍ 11ാം പ്രതിയാണ് കെ.പി. ശങ്കരദാസ്.
ഇദ്ദേഹത്തെ ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയിലെത്തി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഹൈകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച ജഡ്ജി ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ലഭിച്ചിരുന്ന ചികിത്സ മെഡിക്കൽ കോളജിൽ ലഭ്യമാക്കാനാണ് നിർദേശം.
ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയ ജഡ്ജി ചികിത്സയുടെ വിവരങ്ങൾ റിപ്പോർട്ടായി വാങ്ങി. ഇതേ ചികിത്സ മെഡിക്കൽ കോളജിൽ നൽകുന്നതിന് മെഡിക്കൽ കോളജ് അധികൃതരിൽ നിന്നു റിപ്പോർട്ട് വാങ്ങി.ജയിൽ ഡോക്ടറുടെ പരിശോധന റിപ്പോർട്ടും ലഭിച്ചശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയിലിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുന്നതുവരെ ആശുപത്രിയിൽ തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.