എക്സൈസിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പരിഗണനയിൽ

തിരുവനന്തപുരം: മുൻ എക്സൈസ് കമീഷണർ സീറാം സാംബശിവ റാവുവിന്‍റെ കാലത്ത് എക്സൈസ് മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിലും പുതിയ വെളിപ്പെടുത്തലുകളിലും സർക്കാർ വിജിലൻസ് അന്വേഷണ സാധ്യത പരിശോധിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് എക്സൈസ് മന്ത്രി എം. ലിജു ഉടൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകുമെന്നാണ് വിവരം. ബിയർ-വൈൻ പാർലറുകൾക്കും വിമാനത്താവളത്തിലും ബാറുകൾക്ക് അതിവേഗം ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപെടലെന്ന വിവരം മന്ത്രിക്ക് കിട്ടിയതിന്‍റ അടിസ്ഥാനത്തിലാണ് നീക്കം.

എക്സൈസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശിപാർശ ചെയ്യും. മുൻ എക്സൈസ് കമീഷണർ സീറാം സാംബശിവ റാവുവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് നികുതി വകുപ്പ് സെക്രട്ടറി കൈമാറും. അങ്ങനെ അന്വേഷണം ആരംഭിച്ചാൽ ആരോപണങ്ങളിൽ സീറാം സാംബശിവ റാവുവിന് തെളിവ് നൽകേണ്ടിവരും. രണ്ടു ഉദ്യോഗസ്ഥർക്ക് കൈക്കൂലിയുമായി ബന്ധമുണ്ടെന്നാണ് എക്സൈസ് മുൻ കമീഷണറുടെ റിപ്പോർട്ടിലുള്ളത്. മന്ത്രി എം. ലിജുവിന് ഒരു ബാർ ഉടമയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിലും സീറാം സാംബശിവ റാവു തെളിവ് നൽകേണ്ടിവരും. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി.

ജോയിന്‍റ് എക്‌സൈസ് കമീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമീഷണർ അജയ് എന്നിവർ വൻതോതിൽ കൈക്കൂലി വാങ്ങുന്നെന്നും മന്ത്രി എം. ലിജുവിന് കായംകുളത്തെ ബാർ ഉടമയുമായി അടുത്ത പരിചയമുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലുൾപ്പെടെ മന്ത്രി ഓഫിസിന്റെ ഇടപെടലുണ്ട്. എക്സൈസ് കമീഷണർ അറിയാതെ സ്ഥലംമാറ്റ ഉത്തരവുകൾ അംഗീകരിക്കപ്പെടുന്നുണ്ടെന്നും അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ സീറാം ആരോപിച്ചിരുന്നു.

ബാർ ലൈസൻസ് വിവാദത്തെത്തുടർന്ന് മന്ത്രിയുടെ ആവശ്യപ്രകാരമാണ് സീറാം സാംബശിവ റാവുവിനെ കഴിഞ്ഞദിവസം മാറ്റിയത്. വെള്ളിയാഴ്ച സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം റിപ്പോർട്ട് കൈമാറിയത്.  

Tags:    
News Summary - Vigilance investigation under consideration into excise allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.