എഥനോളിൽ ആശങ്ക കത്തുന്നു
തിരുവനന്തപുരം: നിയമാനുസൃതമായ 20 ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോൾ വാഹനങ്ങളുടെ മൈലേജിനെ കാര്യമായി ബാധിക്കുന്നിതിനിടെ, കൂടുതൽ എഥനോൾ ചേർക്കുന്നുവെന്ന വിവരം ഗുരുതര ആശങ്കയുണ്ടാക്കുന്നു. കർണാടകയിലെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിൽ പരിശോധന ആരംഭിച്ചത്. എന്നാൽ, ഇന്ധനക്ഷമത കുറവാണെന്നതുൾപ്പെടെ ആക്ഷേപം നേരത്തേതന്നെ കേരളത്തിലുണ്ട്.
കുറഞ്ഞ ഊർജ സാന്ദ്രതയുള്ള ഇ-20 പെട്രോൾ മൈലേജ് ഗണ്യമായി കുറക്കുകയും എഥനോളിന്റെ രാസസ്വഭാവങ്ങൾ പഴയ എൻജിനുകളിലെ ലോഹ-റബർ ഘടകങ്ങളെ വേഗത്തിൽ തകരാറിലാക്കുകയും ചെയ്യുന്നുവെന്ന് ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഏകദേശം 30-34 ശതമാനം ഊർജലഭ്യത കുറവാണ്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുമ്പോൾ മിശ്രിതത്തിന്റെ മൊത്തത്തിലുള്ള ഊർജ സാന്ദ്രത ഗണ്യമായി കുറയും. വാഹനത്തെ ചലിപ്പിക്കാൻ എൻജിന് കൂടുതൽ ഇന്ധനം കത്തിക്കേണ്ടിവരും. ഇതാണ് മൈലേജ് കുറയാൻ ഇടയാക്കുന്നത്. എ.ആർ.എ.ഐ നടത്തിയ റോഡ് ടെസ്റ്റുകൾ പ്രകാരവും വാഹനങ്ങളിൽ ഇ-20 ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ ശരാശരി രണ്ടു മുതൽ ആറുശതമാനം വരെ ഇടിവ് കണ്ടെത്തിയിട്ടുണ്ട്. ചില പഴയ ഇരുചക്ര വാഹനങ്ങളിൽ ഇത് 10 ശതമാനം വരെയാകാമെന്നും ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോ എന്ന സംശയം വലിയ ആശങ്കയായി മാറുന്നത്.ഇന്ത്യയിലെ മിക്ക വാഹന ഇൻഷുറൻസ് പോളിസികളും അപകടങ്ങൾക്കും മറ്റു നാശനഷ്ടങ്ങൾക്കും മാത്രമേ പരിരക്ഷ നൽകുന്നുള്ളൂ. ഇന്ധനത്തിലെ അപാകതകളോ വാഹന നിർമാതാക്കൾ നിർദേശിക്കാത്ത ഇന്ധനം ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന എൻജിൻ തകരാറുകളോ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.