വിജിലൻസ് പരിശോധന: പന്തളം നഗരസഭയെ കൈയ്യൊഴിഞ്ഞ് ഉദ്യോഗസ്ഥർ

പന്തളം: പന്തളം നഗരസഭയിൽ തുടർച്ചയായി വിജിലൻസ് പരിശോധന നടക്കുന്നതിനാൽ, ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്ഥലം മാറുന്നു. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിലെ നിരന്തരം ഉണ്ടാകുന്ന കോലാഹലങ്ങളും നിരവധി കേസുകളിലെ വിജിലൻസ് അന്വേഷണവും ഭരണ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ചെങ്ങന്നൂരിലേക്ക് സ്ഥലം മാറിയിരുന്നു. നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ ബിജു.കെ. മാത്യു പത്തനംതിട്ടക്കും, എൽ.ഡി ക്ലർക്ക് ദിനേശ് കാസർകോട്ടേക്കും, അസിസ്റ്റൻറ് എൻജിനീയർ എസ്. വിനിൽകുമാർ മല്ലപ്പള്ളിയിലേക്കും സ്ഥലം മാറി.

പത്തനംതിട്ടയിൽ നിന്നും എത്തിയ അനിതയാണ് ഇപ്പോൾ സെക്രട്ടറി. ഇവിടെ ജോലി നോക്കാൻ ഭയമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർച്ചയായി വിജിലൻസ് പരിശോധിക്കുന്നതിനാൽ ജോലിയിൽ സുരക്ഷിതത്വം ഉണ്ടാകില്ലെന്നും സ്ഥാനക്കയറ്റം-വിരമിക്കൽ ഉൾപ്പെടെ കാര്യങ്ങൾ ഇത്തരം വിജിലൻസ് അന്വേഷണത്തെ തുടർന്ന് പ്രതിസന്ധിയിലാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ബി.ജെ.പിയുടെ ഭരണം ആരംഭിച്ച ദിവസം മുതൽ ഭരണ- പ്രതിപക്ഷത്തിന്‍റെ സമര കോലാഹലങ്ങളിൽ പെട്ട് ദൈനംദിന നടത്തിപ്പ് പോലും താറുമാറായിരിക്കുകയാണ്.

ആദ്യ ബജറ്റ് വ്യാജമാണെന്ന് കാണിച്ച് മുൻ സെക്രട്ടറിയായിരുന്ന എസ്. ജയകുമാർ പന്തളം നഗരസഭ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത് വലിയ വിവാദമായിരുന്നു. രണ്ടാമത് അവതരിപ്പിച്ച ബജറ്റ് ചോർന്നു എന്ന പ്രതിപക്ഷ ആരോപണവും നഗരസഭയുടെ പ്രവർത്തനത്തെ ബാധിച്ചു.

ബി.ജെ.പി പാർലമെൻറ് പാർട്ടി ലീഡർ കെ.വി. പ്രഭയോട് ചെയർപേഴ്സൻ സുശീല സന്തോഷ് അസഭ്യം പറയുന്ന വിഡിയോ പുറത്തുവന്നതോടെ ഭരണകക്ഷിയിൽ തന്നെ ഗ്രൂപ്പിസം ശക്തമായി.ഇതിനിടയിൽ നഗരസഭയിലെ കെട്ടിട നിർമാണം, സാധുക്കൾക്ക് വീടുവെച്ച് നൽകൽ, തുടങ്ങി നിരവധി പദ്ധതിയിൽ അഴിമതി ആരോപണങ്ങളും തുടർന്ന് വിജിലൻസ് അന്വേഷണവും നടക്കുകയാണ്.

Tags:    
News Summary - Vigilance Inspection: Pandalam Municipality Officials place changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.