കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെടുന്ന സർക്കാറിന്റെ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
അജിത്കുമാറിന്റെ ആവശ്യത്തെ എതിർത്ത് മുൻ എം.എൽ.എ പി.വി. അൻവർ കക്ഷി ചേർന്നിട്ടുണ്ട്. അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് പരാതിക്ക് അടിസ്ഥാനമായത്. സർക്കാറടക്കം എല്ലാ കക്ഷികളിൽനിന്നും വാദം കേട്ടശേഷമാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി വിധി പറയാൻ മാറ്റിയത്.
വിജിലൻസ് റിപ്പോർട്ട് തള്ളി തനിക്കെതിരെ തുടർനടപടിക്ക് നിർദേശിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് അജിത്കുമാറിന്റെ ഹരജി. വിജിലൻസ് കോടതി ഉത്തരവിൽ തെറ്റില്ലെന്നാണ് പരാതിക്കാരനായ നെയ്യാറ്റിൻകര പി. നാഗരാജിന്റെ വാദം.
മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ ഹൈകോടതി വാക്കാൽ വിമർശിച്ചു. ഇത്തരമൊരു പരാമർശം പ്രഥമദൃഷ്ട്യാ അനാവശ്യമായിരുന്നു. ഒരു പരാതിയിലുള്ള വിജിലൻസ് റിപ്പോർട്ട് മറ്റൊരു കേസിൽ വിളിച്ചുവരുത്തി തള്ളാൻ കഴിയില്ല. അജിത് കുമാറിനെതിരെ അൻവർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നല്കിയതുപോലെ സ്വാഭാവികമാണ് വിജിലൻസിന്റെ റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി.
അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ മുഖ്യമന്ത്രിക്ക് വിദഗ്ധാഭിപ്രായം ഉണ്ടാകണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു വിജിലൻസ് കോടതിയുടെ പരാമർശം. വിജിലൻസ് കോടതി ഉത്തരവിലെ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.