കോട്ടയം: യു.കെയിൽ തൊഴിൽ വാഗ്ദാനംചെയ്ത് 88ഓളം ഉദ്യോഗാർഥികളിൽനിന്ന് 10 കോടിയോളം തട്ടിയെടുത്തയാൾക്കെതിരെ നിയമനടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ രംഗത്ത്. കണ്ണൂർ ജില്ലയിലെ ആലക്കോട് കരുവഞ്ചാൽ വെള്ളാട്ട് സ്വദേശിയാണ് മംഗലാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യു.കെ ഇൻ റീഗൽ അക്കാദമി എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയതെന്ന് ഇരയാക്കപ്പെട്ടവർ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇയാളും ഭാര്യയും ചേർന്ന് തട്ടിപ്പ് നടത്തിയത്. സമൂഹമാധ്യമം വഴി പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി ജോലി ഉറപ്പാക്കിയ ശേഷമാണ് പണം വാങ്ങിയത്. അഡ്വാൻസായി പണം ആവശ്യമില്ലെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെക്കൊണ്ട് ഇന്റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നൽകുകയും യു.കെ സ്പോൺസർഷിപ് സർട്ടിഫിക്കറ്റും വ്യാജ ഓഫർലെറ്ററും നൽകിയ ശേഷമാണ് പണം വാങ്ങിയത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും മംഗലാപുരത്തും കേസ് നൽകിയിട്ടുണ്ടെന്നും തട്ടിപ്പ് നടത്തിയശേഷം തട്ടിപ്പുകാരൻ ദുബൈയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്നും ഇരകൾ പറഞ്ഞു.
ഇയാളുടെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി അവധിക്ക് നാട്ടിൽ വന്നിട്ടുണ്ടെന്നും ഇവരെ നേരിൽകാണാൻ ശ്രമിച്ചിട്ട് മുങ്ങി നടക്കുകയാണെന്നും ഇവർ പറയുന്നു. പ്രതിയെ നാട്ടിലെത്തിക്കാനും പണം തിരികെലഭിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കെ. ഷിബു, ദിനൂപ്, എൽദോ മാർകോസ്, അജോ ഡോൾഫി, ജോമൽ, റെജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.