മൂവാറ്റുപുഴ ജില്ല: ചർച്ചയിൽ ഇടം നേടി തൊടുപുഴയും

തൊടുപുഴ: പുതിയ ജില്ലകളും താലൂക്കുകളും ആരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഡി ലിമിറ്റേഷൻ കമീഷൻ രൂപവത്കരിക്കുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിതോടെ ജില്ല രൂപവത്കരണ ചർച്ച സജീവമാകുന്നു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ ചടങ്ങിൽവെച്ചാണ് മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല എന്ന നിർദേശം ഉയർന്നത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില ഭാഗങ്ങളും ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ മണ്ഡലങ്ങളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കണമെന്ന നിർദേശമാണ് ഉയർന്നുവന്നിരിക്കുന്നത്.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1982ലാണ് ഇങ്ങനെയൊരു നിർദേശം ആദ്യമായി ഉയർന്നത്. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴ മണ്ഡലം മൂവാറ്റുപുഴ ജില്ലയിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ലയിൽതന്നെ തൊടുപുഴ മണ്ഡലം നിലനിർത്തണമെന്ന അഭിപ്രായം രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവർക്കിടയിൽ ഉയർന്നിട്ടുണ്ട്. മൂവാറ്റുപുഴ ജില്ലയോട് ചേർന്നാൽ തൊടുപുഴയുടെ വികസനത്തിന് ഗുണകരമാകുമോ എന്ന ചിന്തയാണ് ഇതിന് പിന്നിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂവാറ്റുപുഴ ജില്ലയായാൽ, തൊടുപുഴ മണ്ഡലത്തെ ചേർത്താൽ ഇവിടെ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ജില്ല ഓഫിസുകൾ ഇവിടെനിന്നു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണുള്ളത്.

സർക്കാർ ഓഫിസുകളും അർധസർക്കാർ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ജില്ല ഓഫിസുകൾ ഇവിടെനിന്ന് ഇടുക്കിക്കും മൂവാറ്റുപുഴക്കും മാറ്റേണ്ടിവരുന്ന സാഹചര്യമുണ്ടാകും. ഇത് ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്. തൊടുപുഴ മണ്ഡലത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് ജില്ല നേതൃത്വം എടുക്കുന്ന തീരുമാനവും നിർണായകമാകും.

മുമ്പ് ഉപേക്ഷിച്ച പദ്ധതി -മന്ത്രി മോൻസ് ജോസഫ്

തൊടുപുഴ: മൂവാറ്റുപുഴ ജില്ല രൂപവത്കരണം മുമ്പ് ഉപേക്ഷിച്ച പദ്ധതിയാണെന്നും നിലവിൽ അതിനുള്ള സാധ്യതയുണ്ടെങ്കിൽ യു.ഡി.എഫ് നേതൃത്വം ചർച്ച ചെയ്തതിനു ശേഷം മാത്രമേ അംഗീകരിക്കാവൂ എന്നും മന്ത്രി മോൻസ് ജോസഫ്. യു.ഡി.എഫ് നേതൃത്വം നടത്തുന്ന ചർച്ചയിൽ മാത്രമേ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കൂ. ഇടുക്കി ജില്ലയിൽ നിന്ന് തൊടുപുഴയെ മാറ്റുന്നത് അതിന്റെ ആത്മാവ് എടുത്തുമാറ്റുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Thodupuzha also finds a place in the discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.