അച്ഛനെയും അമ്മയെയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസ്: നന്തൻകോട് കൂട്ടക്കൊലയിൽ ഇന്ന് വിധി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ കോടതി ഇന്ന് വിധി പറയും. പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജ നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് വിധി പറയുക. വിധി പറയുന്നത് നേരത്തെ രണ്ടുതവണ മാറ്റിയതാണ്. 

2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മകൻ കേഡല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. 

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടിയിരുന്നു. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Tags:    
News Summary - Verdict in Nanthancode massacre today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.