കോട്ടയം: വിനോദസഞ്ചാര മേഖല ലോക്ഡൗണിൽ തകർന്നടിഞ്ഞെങ്കിലും വേമ്പനാട്ടുകായലിനു നല്ല കാലം. ജനം അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ കായലിലെ മലിനീകരണതോത് ഗണ്യമായി കുറഞ്ഞു. പ്രാണവായുവിെൻറ അളവും വെള്ളത്തിെൻറ സുതാര്യതയും കൂടി.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്ടുകായലിൽ അന്താരാഷ്ട്ര കായൽനില ഗവേഷണേകന്ദ്രം ഏപ്രിൽ 23ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതാണ് വേമ്പനാട്ടുകായലിന് ആശ്വാസം നൽകിയിരിക്കുന്നതെന്ന് ഗവേഷണേകന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറഞ്ഞു.
വെള്ളത്തിലെ ജൈവമാലിന്യം ഇല്ലാതായതോടെ ഫോസ്ഫേറ്റ് 0.1 ശതമാനമായി കുറഞ്ഞു. നൈട്രേറ്റിെൻറ അളവ് മൂന്ന് പി.പി.എമ്മിൽ (പാർട്സ് പെർ മില്യൻ ) താഴെയായി. വെള്ളത്തിലെ ഉപ്പുരസം നാമമാത്രമായി. മാർച്ച് 17ന് നടത്തിയ പരിശോധനയിൽ ഉപ്പുരസം 1.8 പി.പി.ടി (പാർട്സ് പെർ തൗസൻഡ്) ആയിരുന്നു. നേരത്തേ കുട്ടനാട്ടിൽ ഉപ്പുരസം മൂന്ന് പി.പി.ടിവരെ ഉണ്ടായിരുന്നു. തണ്ണീർമുക്കം ബണ്ടിെൻറ വടക്കുവശത്ത് ആറുവരെയും വൈക്കം ഭാഗത്ത് 11വരെയും വർധിച്ചിരുന്നു. ഉപ്പുരസം വർധിക്കുന്നത് കൃഷിയെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും. രണ്ട് പി.പി.ടിയിൽ താഴെ ഉപ്പുരസം ആയാൽ മാത്രമേ കൃഷി നടത്താൻ കഴിയൂ. മേയ് ഒന്നിന് തണ്ണീർമുക്കം ബണ്ട് തുറന്നതോടെ മാലിന്യത്തിെൻറ അളവ് വീണ്ടും കുറഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വേനൽക്കാലമായതിനാൽ ജലനിരപ്പിൽ ക്രമാതീതമായ കുറവ് സംഭവിച്ചു. 60 സെൻറിമീറ്റർവരെ ജലനിരപ്പ് താഴ്ന്നു. ലോക്ഡൗൺ തുടങ്ങിയതോടെ ഹൗസ്ബോട്ടുകൾ സർവിസ് നിർത്തിവെച്ചതും സഞ്ചാരികൾ ഇല്ലാത്തതുമാണ് മലിനീകരണ തോത് കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഒരു മാസത്തിേലറെയായി റിസോർട്ടുകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. അനുബന്ധ മേഖലകളും നിശ്ചലമായി. ലോക്ഡൗണിന് മുമ്പുവരെ വൻതോതിൽ മാലിന്യം തള്ളപ്പെട്ടിരുന്നു കായലിലേക്ക്. സഞ്ചാരികൾ വർധിക്കുന്നതിനനുസരിച്ച് കൃത്യമായ മാലിന്യനിർമാർജന സംവിധാനം ഇല്ല. ഹൗസ്ബോട്ടുകളിൽനിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ക്രമാതീതമായി കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.