നോട്ട് അസാധുവാക്കല്‍: ക്യൂവില്‍ ഒരു പണക്കാരനെയും കണ്ടില്ലെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ ശേഷം ‘എവിടെയും ഒരു പണക്കാരനും ക്യൂവില്‍ നിന്നത് നമ്മളാരും കണ്ടിട്ടില്ളെ’ന്ന്  കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ സഹകരണ മേഖലയുടെ സ്തംഭനാവസ്ഥ സ്ഫോടനാത്മകമായ രീതിയില്‍ മാറിയിരിക്കുകയാണെന്നും എസ്.എന്‍.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. വെള്ളാപ്പള്ളിയുടെ കാര്‍മികത്വത്തിലാണ് എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായ ബി.ഡി.ജെ.എസ് രൂപവത്കരിച്ചത്.

കറന്‍സി ക്ഷാമം പരിഹരിക്കാന്‍ കഴിയാതെ കേന്ദ്ര സര്‍ക്കാറും അതിനെ അതിജീവിക്കാന്‍ പ്രധാനമന്ത്രി വികാരനിര്‍ഭരമായി പ്രസംഗിക്കുന്നത് ശ്രദ്ധിക്കുമ്പോഴും എവിടെയോ ചില പിഴവുകള്‍ സംഭവിച്ചോയെന്ന് സംശയിച്ചാല്‍ തെറ്റിദ്ധരിക്കേണ്ട.  പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിയോയെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. പണക്കാരുടെയൊക്കെ കൈവശം ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ബാങ്കിങ്ങും ഇ-വാലറ്റും ഒക്കെ ഉണ്ടാവും. ഇതൊന്നുമില്ലാത്ത ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍  മഴയത്തും വെയിലത്തും ബാങ്കില്‍ നിക്ഷേപിച്ച പണം എടുക്കാന്‍ പണികളഞ്ഞ് വരി നില്‍ക്കുകയാണ്.

അത് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്ന രീതിയിലുള്ള ഭരണഘടനാ ലംഘനമല്ളേ? മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ ചോദ്യം പ്രസക്തമാണ്. കൂലിപ്പണിക്കാര്‍ക്ക് പണിയില്ലാത്ത അവസ്ഥ, കറന്‍സി ക്ഷാമം മൂലം തൊഴില്‍ മേഖലയെല്ലാം ഇതിനകം സ്തംഭിച്ചു. അപ്പോഴും ന്യൂനപക്ഷം വരുന്ന സമ്പന്നര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നില്ല. മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ ദുരിതത്തിലാവുന്നു. ജോലിയും കൂലിയും ഇല്ലാതെ ഇനിയും സാധാരണ ജനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. കലാപത്തിനുള്ള സാധ്യത സുപ്രീംകോടതി പോലും നിരീക്ഷിക്കുന്ന തരത്തിലേക്ക് സാഹചര്യം നീങ്ങാതെ ജാഗ്രതയോടെ ബന്ധപ്പെട്ടവര്‍ ജനപക്ഷത്തുനിന്ന് പ്രശ്നം കാണണമെന്നും മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.

നോട്ടുകളുടെ വിനിമയവും നിയന്ത്രണവും പൂര്‍ണമായും കേന്ദ്ര സര്‍ക്കാറിനും ആര്‍.ബി.ഐക്കുമായിട്ടും സഹകരണ പ്രസ്ഥാനങ്ങളെ  നിയന്ത്രിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ അതിന്‍െറ ദുരിതം സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ജനകീയ സര്‍ക്കാറിന് ചേര്‍ന്നതല്ല. സാധാരണക്കാരന്‍െറ എക്കാലത്തെയും ആശ്വാസമാണ് സഹകരണ പ്രസ്ഥാനം. നിയമപ്രകാരമുള്ള കരുതല്‍ ധനം കഴിഞ്ഞാല്‍ ബാക്കിയെല്ലാം ആ പ്രദേശത്തിന്‍െറ വികസനത്തിനും വളര്‍ച്ചക്കും വിനിയോഗിക്കുന്നു എന്നത് സത്യമാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാതെവയ്യെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

Tags:    
News Summary - vellappally note demonitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.