പത്ത് കൊല്ലം ഭരിച്ചിട്ട് ഇവിടെ ഒരു മാറാട് കലാപം ഉണ്ടായോ? -സർക്കാറിനെ പുകഴ്ത്തി വെള്ളാപ്പള്ളി

കൊല്ലം: പിണറായി വിജയൻ സർക്കാറിനെ പുകഴ്ത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ പത്ത് കൊല്ലം ഇവിടെ ഒരു മാറാട് കലാപം ഉണ്ടായോ എന്ന് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് ചോദിച്ചു. ശിവ​ഗിരിയിൽ 93-ാമത് തീർഥാടന സമ്മേളനം ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അദ്ദേഹം.

‘ഈ പത്ത് കൊല്ലം ഇവിടെ ഒരു മാറാട് കലാപം ഉണ്ടായോ? വർഗീയ കലാപം ഉണ്ടായോ? കലാപം ഇനിയും ഉണ്ടാക്കാനാണ് നോക്കുന്നത്...’ -വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന പരാമർശം ആവർത്തിച്ചപ്പോൾ മാധ്യമപ്രവർത്തകൻ ചോദ്യങ്ങൾ ഉന്നയിച്ചത് വെള്ളാപ്പള്ളിയെ ക്ഷുഭിതനാക്കി. ചാനൽ മൈക്ക് ബലംപ്രയോഗിച്ച് തള്ളിനീക്കുകയും ചെയ്തു.

‘മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല. ഈ ദുഃഖം ഞാ​നൊന്ന് പറഞ്ഞുപോയി’ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ, ഒമ്പത് വർഷം പിണറായി വിജയൻ സർക്കാർ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവർത്തകൻ തിരിച്ചുചോദിച്ചു. ഇതിടോയാണ് വെള്ളാപ്പള്ളി പ്രകോപിതനായത്.

മാധ്യമപ്രവർത്തകൻ: താങ്കളെ വർഗീയവാദി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ?

വെള്ളാപ്പള്ളി: എന്താ വർഗീയവാദി എന്ന് പറയാൻ കാരണം? യഥാർഥ വർഗീയവാദികൾ ആരാണ്? മലപ്പുറത്ത് ചെന്നപ്പോൾ ഞാൻ എന്ത് പറഞ്ഞു. എനിക്ക് പറയാനുള്ള അവസരം തരണം മിസ്റ്റർ.

മാധ്യമപ്രവർത്തകൻ: സ്കൂളുകൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു...

വെള്ളാപ്പള്ളി: സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല, ഈ ദുഃഖം ഞാ​നൊന്ന് പറഞ്ഞുപോയി.

മാധ്യമപ്രവർത്തകൻ: അതെന്താ സ്ഥലം വാങ്ങാൻ കിട്ടു​ന്നില്ലേ?

വെള്ളാപ്പള്ളി: സ്ഥലം എല്ലാമുണ്ട്.

മാധ്യമപ്രവർത്തകൻ: പിന്നെന്താ പ്രശ്നം? എന്താ തുടങ്ങാൻ പറ്റാത്തത്?

വെള്ളാപ്പള്ളി: അനുവാദം തരണം.

മാധ്യമപ്രവർത്തകൻ: ആരുടെ അനുവാദം?

വെള്ളാപ്പള്ളി: സർക്കാറിന്റെ

മാധ്യമപ്രവർത്തകൻ: ഇപ്പോൾ പിണറായി വിജയൻ സർക്കാർ അല്ലേ?

വെള്ളാപ്പള്ളി: ഇപ്പോഴത്തേതല്ല. മുമ്പുള്ളത്. അന്ന്....

മാധ്യമപ്രവർത്തകൻ: ഈ ഒമ്പത് വർഷത്തിനിടെ പിണറായി സർക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ?

വെള്ളാപ്പള്ളി: (ഇതോടെ ക്ഷുഭിതനായി) കുറേ നാളായി നിങ്ങൾ തുടങ്ങിയിട്ട്... താൻ കുറേ നാളായി തുടങ്ങിയിട്ട് (തുടർന്ന് റിപ്പോർട്ടറുടെ മൈക്ക് ബലപ്രയോഗത്തിലൂടെ തള്ളി മാറ്റി)

Tags:    
News Summary - vellappally natesan praises Pinarayi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.