മാളിൽവെച്ച് എസ്​.എഫ്​.ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരന്​ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. എസ്​.എഫ്​.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്​.

ശനിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ മാളിലായിരുന്നു സംഭവം. പുതുവത്സര രാത്രിയിൽ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. ശംഖുംമുഖം അസി.​ കമീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ്​ നടപടി. അന്ന്​ മുഖ്യമന്ത്രിക്ക്​ ഉൾപ്പെടെ എസ്​.എഫ്​.ഐക്കാർ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്​. ഇതിനിടെയാണ്​ ശനിയാഴ്ച പൊലീസുകാരനായ മിഥുൻ റോയ്​ തലസ്ഥാനത്തെ ഷോപ്പിങ്​ മാളിൽ എത്തുന്നതും എസ്​.എഫ്​.ഐക്കാർ പിന്തുടർന്ന്​ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതും.

മാളിലെ മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. പൊലീസുകാരൻ വഞ്ചിയൂർ സ്​റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. പിന്നീട്​ സമ്മർദം വന്നതോടെയാണ്​ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം എസ്​.എഫ്​.ഐക്കാർക്കെതിരെ കേസെടുത്തത്​. ഈ കേസിലെ ഒന്നാം പ്രതി വിനായക്​ പിന്നാലെ നൽകിയ ​പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. എസ്​.എഫ്​.ഐക്കാരെ മിഥുൻ റോയ്​ ആയുധം കൊണ്ട്​ ആക്രമിച്ചെന്ന് കാണിച്ചാണ്​ എസ്​.എഫ്​.ഐക്കാരുടെ പരാതി. ​ 

Tags:    
News Summary - non-bailable case registered against policeman who was beaten up by SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.